വിവാദങ്ങൾക്ക് വഴിവെച്ച ‘ഹാൽ’ (HAAL) എന്ന മലയാള സിനിമ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കാണാൻ തീരുമാനിച്ചു. ചിത്രത്തിനെതിരെ കത്തോലിക്കാ കോൺഗ്രസ് സമർപ്പിച്ച അപ്പീലിലാണ് നിർണായകമായ ഈ നടപടി. ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമാധികാരിയും പി.വി. ബാലകൃഷ്ണനും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ബുധനാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് സിനിമ കാണുക.
കത്തോലിക്കാ കോൺഗ്രസിന്റെ അപ്പീലിൽ ഉന്നയിച്ച ആക്ഷേപങ്ങൾ ശരിയല്ലെന്ന് ബോധ്യപ്പെട്ടാൽ പിഴ ചുമത്തേണ്ടിവരുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിനിമ ക്രിസ്ത്യൻ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും സാമൂഹിക സൗഹൃദാന്തരീക്ഷം തകർക്കുമെന്നുമുള്ള വാദങ്ങൾക്കാണ് കത്തോലിക്കാ കോൺഗ്രസ് അപ്പീലിൽ ഊന്നൽ നൽകിയിരിക്കുന്നത്.
നേരത്തെ, ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകാൻ പല സീനുകളും ഒഴിവാക്കണമെന്ന് നിർദേശിച്ച സെൻസർ ബോർഡിന്റെ നടപടി സിനിമ കണ്ടശേഷം ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് കത്തോലിക്കാ കോൺഗ്രസ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സിനിമ പ്രദർശിപ്പിക്കാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് നടപടി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നാണ് ഇവരുടെ വാദം.
സിനിമ ഇതേ രീതിയിൽ പ്രദർശിപ്പിച്ചാൽ ക്രിസ്ത്യൻ വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുമെന്നും സമൂഹത്തിലെ സൗഹൃദാന്തരീക്ഷം തകർക്കുമെന്നുമാണ് കത്തോലിക്കാ കോൺഗ്രസിന്റെ പ്രധാന ആക്ഷേപം. കൂടാതെ, താമരശ്ശേരി ബിഷപ് ഹൗസ് അനുമതിയില്ലാതെയാണ് സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അപ്പീലിൽ ആരോപിക്കുന്നു. ക്രിസ്ത്യൻ വിഭാഗത്തെയും താമരശ്ശേരി ബിഷപ് ഹൗസിനെയും പ്രതിപാദിക്കുന്ന മൂന്ന് സീനുകൾക്ക് സിംഗിൾ ബെഞ്ച് അനുമതി നൽകിയതിനെയും അപ്പീലിൽ ചോദ്യം ചെയ്യുന്നുണ്ട്.
ഒരു ഡസനോളം കട്ടുകൾ നിർദേശിച്ച സെൻസർ ബോർഡിന്റെ നടപടി ചോദ്യം ചെയ്ത് സിനിമയുടെ നിർമാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ച് നേരത്തെ അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെയാണ് സിനിമയുടെ ഉള്ളടക്കം ചോദ്യം ചെയ്തുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
















