കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗിക പീഡന കേസിൽ പ്രതികരിച്ച് സിപിഎം നേതാവ് ഇ.പി. ജയരാജന്‍. എം. മുകേഷ് എംഎൽഎയ്ക്കെതിരേ ഉയര്‍ന്ന ലൈംഗിക പീഡനാരോപണത്തെ ന്യായീകരിച്ചും രാഹുലിനെ വിമര്‍ശിച്ചുമാണ് അദ്ദേഹം സംസാരിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിക്കുന്ന നേതാക്കളുടെ വീട്ടിൽ ഭാര്യയും മക്കളും ഇല്ലേയെന്നും അദ്ദേഹം ചോദിച്ചു. മീഡിയ വൺ പുറത്തുവിട്ട വിഡിയോ കാണാം.
ഹീന കൃത്യത്തെ ന്യായീകരിക്കുന്നതിലൂടെ കോൺഗ്രസ് കേരളത്തില്‍ തകർന്നു കൊണ്ടിരിക്കുകയാണെന്നും ആ നാശം അതിവേഗത്തിലുണ്ടാകുമെന്നും തെറ്റിനെ അനുകൂലിക്കുന്ന ഒരു വിഭാഗം കോൺഗ്രസിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ നേതാക്കള്‍ എല്ലാവരും ആലോചിക്കേണ്ട ഒരു കാര്യം, നിങ്ങൾക്ക് പെണ്‍മക്കളില്ലേ, ഭാര്യമാരില്ലേ… ഈ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കാന്‍ പറ്റുമോ എന്നതാണ്, ജയരാജന്‍ പറഞ്ഞു. ശക്തമായ നടപടികൾക്ക് വിധേയമാക്കേണ്ട കാര്യമാണിത്. ശക്തമായ നടപടികള്‍ എടുക്കാന്‍ കോണ്‍ഗ്രസിന് ത്രാണിയില്ലെന്നുവന്നാല്‍ അത് കോണ്‍ഗ്രസിന്റെ ഗതികേടാണ്, അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോടു പ്രതികരിക്കവേ പറഞ്ഞു.
കൊല്ലം എംഎല്‍എ മുകേഷിനെതിരേ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണം ഉയര്‍ന്നപ്പോള്‍ സിപിഎം യാതൊരു നടപടിയും എടുത്തില്ലല്ലോ എന്ന ചോദ്യത്തിന്- രാഷ്ട്രീയവും സിനിമയും ഒരുപോലെയാണോ എന്നായിരുന്നു ജയരാജന്റെ മറുപടി. സിനിമയ്ക്ക് സിനിമയുടേതായ ചില പ്രത്യേകതകളുണ്ട്. അത് സിനിമയാണ്, ഇത് രാഷ്ട്രീയമാണ്, ജയരാജന്‍ പറഞ്ഞു.
















