ദുബായ്: കാലാവസ്ഥാ മാറ്റങ്ങൾക്ക് അനുബന്ധമായി പനി, അണുബാധകൾ എന്നിവ കണ്ടുവരുമ്പോൾ അതിനെ നിസ്സാരമായി കാണരുതെന്ന് ദുബായ് ഹെൽത്ത് അതോറിറ്റിമുന്നറിയിപ്പ് നൽകി. ഓർത്തോമൈക്സോവേരിഡയ് വിഭാഗത്തിലെ വൈറസുകളാണ് ഇത്തരം രോഗങ്ങൾ പ്രധാനമായി പടർത്തുന്നത്. ഇവ മൂലം ബാക്ടീരിയൽ ന്യൂമോണിയ, ചെവിയിലുള്ള അണുബാധ, കൂടാതെ മുക്ക്, നെറ്റി, കവിൾ ഭാഗങ്ങളിൽ അണുബാധയുണ്ടാക്കി സൈനസിന്റെ വീക്കം പോലുള്ള പ്രശ്‌നങ്ങളും സാധാരണമാണ്.
ഹൃദ്രോഗം, പ്രമേഹം, ആസ്‌മ തുടങ്ങിയ ദീർഘകാല രോഗമുള്ളവർക്ക് ഈ വൈറസ് അണുബാധകൾ സങ്കീർണ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കാനിടയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പ്രതിവർഷം ഇൻഫ്ലുവൻസ വാക്‌സിനേഷൻ സ്വീകരിക്കണമെന്ന് ഡിഎച്ച്എ നിർദേശിക്കുന്നു.
ഇൻഫ്ലുവൻസ പ്രതിരോധത്തിനായി പ്രതിവർഷ വാക്‌സിനേഷൻ സ്വീകരിക്കുന്നതാണ് ഉചിതമായ പ്രതിരോധ മാർഗമെന്നും ഡിഎച്ച്എ നിർദേശിച്ചു. വ്യക്തി ശുചിത്വം ദുർബലമായാൽ രോഗം വരാനുള്ള സാഹചര്യം വർധിക്കും. കൈകഴുകുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും രോഗ പ്രതിരോധത്തിനു സഹായിക്കും.
രോഗ ലക്ഷണങ്ങളുള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണം. കണ്ണുകൾ, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കണം. ഗർഭിണികൾ, 65 വയസ്സിനു മുകളിൽ പ്രായമായവർ, ശ്വാസകോശം രോഗങ്ങൾ, വൃക്ക, കരൾ, രക്‌ത രോഗങ്ങൾ ബാധിച്ചവർ, ദുർബലമായ രോഗപ്രതിരോധ ശേഷിയുള്ളവരെല്ലാം ഇൻഫ്ലുവൻസ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
















