നഗരമധ്യത്തിലെ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സംശയത്തിന് ബലമേറുന്നു. തമിഴ്‌നാട് സേലം സ്വദേശിനിയായ ധനകോടിയുടെ (63) അസ്ഥികൂടമാണ് കഴിഞ്ഞ ദിവസം ജൂബിലി റോഡ് കാന്തലാട്ട് പള്ളിക്ക് സമീപത്തെ പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ ധനകോടിയുടെ ഭർത്താവ് അമ്പായിരത്തെ (70) പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ആറുമാസം മുമ്പ് കാണാതായ ധനകോടിയുടേതാണ് അസ്ഥികൂടമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കാനായി എടുത്ത കുഴിയിൽ നിന്നാണ് തലയോട്ടിയും മറ്റ് അസ്ഥികളും കണ്ടെത്തിയത്. പഴയ സാധനങ്ങൾ ശേഖരിച്ച് വിൽപന നടത്തുന്നവരാണ് ധനകോടിയും ഭർത്താവ് അമ്പായിരവും. കഴിഞ്ഞ ദിവസം ഈ കെട്ടിടത്തിന്റെ പരിസരത്ത് തമിഴ്‌നാട്ടുകാരായ ആളുകൾ കലഹിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വാർഡ് കൗൺസിലർ ടി.സി. ഖിലാബ് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തൽ. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് കുഴിയിൽ അസ്ഥികൂടം കണ്ടെത്തിയത്.
ധനകോടിയെ കാണാതായതിനെക്കുറിച്ച് മക്കൾ അമ്പായിരത്തോട് അന്വേഷിച്ചപ്പോൾ, നാട്ടിൽ പോയിട്ടുണ്ടെന്നായിരുന്നു മറുപടി. എന്നാൽ, നാട്ടിൽ അന്വേഷിച്ചപ്പോൾ അവിടെ എത്തിയിട്ടില്ലെന്ന് വ്യക്തമായി. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം മക്കൾ വീണ്ടും അച്ഛനോട് കാര്യങ്ങൾ തിരക്കിയപ്പോൾ അവരോട് തലശ്ശേരിയിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. മക്കളും ബന്ധുക്കളും സ്ഥലത്തെത്തിയപ്പോൾ അസ്ഥികൂടം കണ്ടെത്തിയ കുഴി ഇയാൾ കാണിച്ചു കൊടുക്കുകയായിരുന്നു. ഈ വെളിപ്പെടുത്തലാണ് സംഭവം പുറത്തറിയാൻ നിർണായകമായത്.
ഭാര്യയെ കൊന്നത് താനല്ലെന്നാണ് കസ്റ്റഡിയിലുള്ള ഭർത്താവ് അമ്പായിരം പോലീസിനോട് ആവർത്തിച്ചു പറയുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. കണ്ടെടുത്ത അസ്ഥികൂടം കാണാതായ ധനകോടിയുടേത് തന്നെയാണോ എന്ന് ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ. ഇതിനായി ഫൊറൻസിക് പരിശോധനാ ഫലത്തിനായി പോലീസ് കാത്തിരിക്കുകയാണ്. അമ്പായിരത്തിന്റെ മൊഴികളിലെ വൈരുദ്ധ്യങ്ങളും മറ്റ് സാഹചര്യത്തെളിവുകളും പരിശോധിച്ച ശേഷം മാത്രമേ സംഭവത്തിലെ ദുരൂഹത നീങ്ങുകയുള്ളൂ. കൊലപാതക സാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം പുരോഗമിക്കുന്നത്.
















