ഉത്തർപ്രദേശിലെ നോയിഡയിൽ വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് 25-കാരിയായ യുവതിയെ സുഹൃത്ത് വെടിവെച്ചു കൊന്നു. അമ്രോഹ സ്വദേശിനിയായ സോനു (25) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ആൺസുഹൃത്തും ബിഹാർ സ്വദേശിയുമായ കൃഷ്ണയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. സംഭവശേഷം ഒളിവിൽ പോയ കൃഷ്ണക്കായി പോലീസ് ഊർജിതമായ തിരച്ചിൽ ആരംഭിച്ചു.
നോയിഡയിലെ ഫേസ് 2 ഏരിയയിലുള്ള സോനു പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന സ്ഥലത്തുവെച്ചാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. യുവതിയുടെ മുറിയിലെത്തിയ കൃഷ്ണയും സോനുവും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടാവുകയും ഇതിന് പിന്നാലെ ഇയാൾ യുവതിക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് സെൻട്രൽ നോയിഡ ഡി.സി.പി. ശക്തി മോഹൻ അവസ്തിയാണ് വിശദാംശങ്ങൾ അറിയിച്ചത്.
പോലീസ് നൽകുന്ന വിവരമനുസരിച്ച്, സോനുവും കൃഷ്ണയും മുമ്പ് ഒരുമിച്ച് ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു. ആ കാലയളവിൽ ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. എന്നാൽ, അടുത്തിടെ സോനു ആ ജോലി ഉപേക്ഷിച്ചു വീട്ടുജോലിയാണ് ചെയ്തിരുന്നത്. കൃഷ്ണ കുറച്ചുകാലമായി സോനുവിനോട് വിവാഹാഭ്യർഥന നടത്തിക്കൊണ്ടിരുന്നു. എന്നാൽ, ഈ ആവശ്യം യുവതി നിരസിച്ചു. ഇതാകാം ഈ കൊടും കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൃത്യം നടത്തിയ ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പ്രതിയെ പിടികൂടിയ ശേഷം മാത്രമേ വ്യക്തമാകൂ എന്ന് പോലീസ് കൂട്ടിച്ചേർത്തു.
















