മുനമ്പം ഭൂസംരക്ഷണ സമിതിയുടെ സമരം ഇന്ന് അവസാനിക്കും. ഉച്ചയ്ക്ക് രണ്ടരയോടെ മന്ത്രിമാരായ പി. രാജീവും കെ. രാജനും സമരപ്പന്തലിൽ എത്തി നിലവിൽ സമരത്തിൽ പങ്കെടുത്തവർക്ക് നാരങ്ങാനീര് നൽകി സമരം ഔദ്യോഗികമായി അവസാനിപ്പിക്കും.
കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഉത്തരവോടെ ഭൂമി പോക്കുവരവിന് കുടുംബങ്ങൾക്ക് കരമടയ്ക്കാൻ വഴിയൊരുങ്ങിയതാണ് ഭൂരിപക്ഷം പേരും സമരമവസാനിപ്പിക്കാൻ കാരണം.
ഇനി ജുഡീഷ്യൽ കമ്മീഷന്റെ പ്രശ്നപരിഹാരത്തിനും വഖഫ് ട്രൈബ്യൂണലിലെ അന്തിമ തീർപ്പിനുമായാണ് മുനമ്പം നിവാസികൾ കാത്തിരിക്കുന്നത്. വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ച ഭൂമിയിലെ താമസക്കാർക്ക് വ്യവസ്ഥകളോടെ ഭൂനികുതി അടയ്ക്കാൻ ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നു.
മുനമ്പം ജനതയെ കുടിയിറക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി പി. രാജീവ് അവകാശപ്പെട്ടത്.
അതേസമയം സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ബദൽ സമരം ആരംഭിക്കുമെന്ന് ഒരു വിഭാഗം പ്രഖ്യാപിച്ചു. പള്ളിയങ്കണത്തിൽ നിന്ന് ആരംഭിച്ച് ദേശീയതലത്തിൽ വരെ ചർച്ചയായ സമരം. പിന്നിട്ടത് 414 ദിവസം . സമരത്തെ ചൊല്ലി ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങളും നാടകങ്ങളും അരങ്ങേറി.2019 സെപ്റ്റംബറിലാണ് മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർഡ് റജിസ്റ്ററിൽ ചേർക്കുന്നത്.
2021 മുതൽ റവന്യൂ അവകാശങ്ങൾ നിഷേധിക്കപ്പെട്ട ജനതയക്ക് 2022 ൽ കരമടയ്ക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുമതി നൽകിയെങ്കിലും ഡിവിഷൻ ബെഞ്ച് ഇത് സ്റ്റേ ചെയ്തു. തുടർന്നിങ്ങോട്ട് ഭൂമിയുടെ അവകാശത്തെ ചൊല്ലിയുള്ള ആശങ്കയിൽ ആയിരുന്നു മുനമ്പം ജനത. പിന്നീടാണ് 414 ദിവസം നീണ്ടുനിന്ന സമരം ആരംഭിച്ചത്.
മാസങ്ങളും വർഷങ്ങളും നീണ്ട നിയമവ്യവഹരാത്തിനൊടുവിൽ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിനു പിന്നാലെയാണ് താൽക്കാലികാടിസ്ഥാനത്തിൽ നികുതി സ്വീകരിക്കാൻ സിംഗിൾ ബെഞ്ച് അനുവദിച്ചത്. ഇതോടെയാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്.
















