രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കൂടുതല്‍ കുരുക്കായി തെളിവുകള്‍. രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ യുവതിയുടെ മൊഴി സാധൂകരിച്ച് ഡോക്ടർമാർ. യുവതിയെ ചികിത്സിച്ച രണ്ട് ഡോക്ടർമാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
യുവതി ചികിത്സ തേടിയെന്നും അമിത രക്തസ്രാവം ഉണ്ടായെന്നുമാണ് ഡോക്ടര്‍മാരുടെ മൊഴി. യുവതിയുടെ ആരോഗ്യാവസ്ഥ മോശമായെന്നും ഡോക്ടര്‍മാര്‍ പൊലീസിന് മൊഴി നല്‍കി. ഇതുറപ്പിക്കുന്ന ചികിത്സാ രേഖകള്‍ പൊലീസിന് ലഭിച്ചു.
യുവതി നല്‍കിയ രേഖകള്‍ ആധികാരികം തന്നെയെന്ന് സ്ഥിരീകരിക്കുന്ന രേഖകളാണ് പൊലീസിന് ലഭിച്ചത്. പരാതിയില്‍ പറയുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ യുവതിക്ക് ഉണ്ടായെന്നാണ് സ്ഥിരീകരണം. എ.സി.പി ദിന രാജിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തിയത്.
അതേസമയം പരമാവധി തെളിവുകൾ ശേഖരിച്ച് രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്കിടാനൊരുങ്ങുകയാണ് പൊലീസ്. രാഹുല്‍ താമസിച്ചിരുന്ന കുന്നത്തൂര്‍മേടിലുളള ഫ്‌ളാറ്റിലെത്തി തെളിവെടുത്തു. രാഹുലിനായി പാലക്കാട് വ്യാപക തിരച്ചിലാണ് നടക്കുന്നത്.
ബലാത്സംഗം നടന്നതായി യുവതി മൊഴി നൽകിയ തിരുവനന്തപുരത്തെ ഫ്ളാറ്റിലും പൊലീസ് പരിശോധന നടത്തിയിരുന്നു. ഫ്ളാറ്റിലെത്തി മഹസർ തയ്യാറാക്കി. യുവതിയെയും കൊണ്ടാണ് പൊലീസ് ഫ്ളാറ്റിലെത്തിയത്. ഫ്ളാറ്റിൽ നിന്നും സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കും.
രാഹുലിനെതിരായ പരാതിയിൽ ബലാത്സംഗക്കേസില്‍ ശബ്ദരേഖ പരിശോധന തുടങ്ങി. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കുന്നത് ഇന്ന് പൂര്‍ത്തിയാകും. ഓരോ ശബ്ദരേഖയും പ്രത്യേകമാണ് പരിശോധിക്കുക.
ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വെച്ചാണ് പരിശോധന നടക്കുന്നത്. യുവതിയുടെ ശബ്ദസാമ്പിള്‍ ശേഖരിച്ചാണ് പരിശോധന. പുറത്തുവന്നത് രാഹുലിന്റെ ശബ്ദമാണെന്ന് സ്ഥിരീകരിച്ചാല്‍ ശക്തമായ തെളിവാകും.
ബലാത്സംഗ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് രണ്ടുദിവസം പിന്നിടുമ്പോഴും രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്. പരമാവധി തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റിലേക്ക് നീങ്ങാമെന്നാണ് ഉദ്യോഗസ്ഥർക്ക് നിർദേശമുള്ളത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന കടുപ്പിക്കുന്നത്.
















