സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോക്താക്കളുടെ മാനസികാരോഗ്യത്തിന് ദോഷകരമാണെന്ന ആഭ്യന്തര റിപ്പോർട്ട് മാതൃ കമ്പനിയായ മെറ്റ മറച്ചു വച്ചതായി ആരോപണം.
യുഎസ് സ്‌കൂൾ ഡിസ്ട്രിക്റ്റുകൾ ഫയൽ ചെയ്‌ത ക്ലാസ്-ആക്ഷൻ കേസിലെ ഫയലിംഗുകളിൽ നിന്നാണ് ഈ നിർണ്ണായക വിവരം പുറത്തു വന്നത്. മെറ്റയ്ക്കും മറ്റ് സോഷ്യൽ മീഡിയ കമ്പനികൾക്കു മെതിരെയുമായിരുന്നു ഇവർ കേസ് ഫയൽ ചെയ്തത്.
സർവേ സ്ഥാപനമായ നീൽസണുമായി ചേർന്ന് 2020-ൽ പ്രോജക്‌ട് മെർക്കുറി (Project Mercury) എന്ന കോഡ് നാമത്തിൽ മെറ്റ നടത്തിയ ഗവേഷണ റിപ്പോർട്ട് മറച്ചു വച്ചെന്നാണ് ആരോപണം.
ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഡിആക്റ്റിവേറ്റ് ചെയ്യുന്ന ഉപയോക്താക്കളുടെ മാനസികാരോഗ്യത്തില്‍ ഉണ്ടാകുന്ന മാറ്റം വിലയിരുത്തുന്നതിനായിരുന്നു മെറ്റ ഈ ഗവേഷണം നടത്തിയത്. എന്നാല്‍ ഗവേഷണ ഫലം തിരിച്ചടിയാകുമെന്ന് വ്യക്തമായതോടെ മെറ്റ ഈ പഠനം അവസാനിപ്പിക്കുകയായിരുന്നു.
ഫേസ്ബുക്ക് ഉപയോഗം നിർത്തിയവരിൽ വിഷാദം, ഉത്കണ്ഠ, ഏകാന്തത, സാമൂഹിക താരതമ്യം ചെയ്യാനുള്ള പ്രവണത എന്നിവ കുറഞ്ഞതായി ഗവേഷണത്തിന്റെ ഭാഗമായി കണ്ടെത്തി.
2021-ലെ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് അനുസരിച്ച്, ഇൻസ്റ്റാഗ്രാം കൗമാരക്കാരായ പെൺകുട്ടികളുടെ ‘ബോഡി ഇമേജ്’ (ശരീരത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്) പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കുന്നതായി മെറ്റയുടെ ആഭ്യന്തര റിപ്പോർട്ടുകൾ നേരത്തെയും കണ്ടെത്തിയിരുന്നു.
















