ഇലക്ട്രിക് വിപണിയില്‍ പുത്തൻ പരീക്ഷണവുമായി എത്തുന്ന മാരുതി സുസുക്കിയുടെ ഇ-വിറ്റാര ഡിസംബർ 2-ന് ഇന്ത്യൻ വിപണിയിലെത്തും. രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ (49kWh, 61kWh) ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുജറാത്തിലെ ഹാൻസൽപുർ പ്ലാന്റിൽ നിർമ്മിക്കുന്ന ഇന്ത്യൻ സ്‌പെക് ഇ വിറ്റാര മോഡൽ ഇതിനകം 100-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്.
വേൾഡ് വൈഡ് ഹാർമോണൈസ്ഡ് ലൈറ്റ് വെഹിക്കിൾ ടെസ്റ്റ് നടപടിക്രമം (WLTP) മാനദണ്ഡപ്രകാരം 49kWh ഫ്രണ്ട്-വീൽ ഡ്രൈവിന് 344 കിലോമീറ്ററും 61kWh ഫ്രണ്ട്-വീൽ ഡ്രൈവിന് 428 കിലോമീറ്ററും റേഞ്ച് ലഭിക്കും. എന്നാൽ 61kWh ഓൾ-വീൽ ഡ്രൈവ് വകഭേദം ഇന്ത്യയിൽ ഉടൻ ലഭ്യമാകില്ലെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചിട്ടുണ്ട്.
വിദേശ മോഡലിൽ കണ്ട ഡ്യൂവൽ-സ്ക്രീൻ സിംഗിൾ ഗ്ലാസ് പാനൽ, 360-ഡിഗ്രി ക്യാമറ, വയർലെസ് ചാർജിംഗ്, കീലെസ് എൻട്രി, പവർ ഡ്രൈവർ സീറ്റ്, സൺറൂഫ്, സബ്-വൂഫർ അടങ്ങിയ ഓഡിയോ സിസ്റ്റം, ഏഴ് എയർബാഗുകൾ എന്നിവ ഇന്ത്യൻ മോഡലിലും പ്രതീക്ഷിക്കാം.
മാരുതി സുസുകി ഇ-വിറ്റാരയുടെ 49kWh വകഭേദത്തിന് ഏകദേശം 20 ലക്ഷം രൂപയും 61kWh മോഡലിന് 25 ലക്ഷം (എക്‌സ് ഷോറൂം) രൂപയും വില പ്രതീക്ഷിക്കുന്നു. അതേസമയം, ടാറ്റ കർവ്, ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര BE.6, വിൻഫാസ്റ്റ് VF6 തുടങ്ങിയ മിഡ്-സൈസ് ഇലക്ട്രിക് SUV കളോടാണ് ഇ- വിറ്റാര മത്സരിക്കാനെത്തുന്നത്.
















