നവീകരണ പ്രവർത്തനങ്ങൾക്കായി സ്പോൺസർക്ക് കൈമാറിയ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, സമയപരിധി അവസാനിച്ചതിനെ തുടർന്ന് പണി പൂർത്തിയാക്കാതെ ജിസിഡിഎയ്ക്ക് തിരികെ നൽകി. നവംബർ 30-നകം സ്റ്റേഡിയം നവീകരിച്ച് കൈമാറണമെന്നായിരുന്നു ജിസിഡിഎയും സ്പോൺസറും കേരള സ്പോർട്സ് ഫൗണ്ടേഷനും തമ്മിലുള്ള ധാരണ.
എന്നാൽ, നിശ്ചിത സമയപരിധിക്കുള്ളിൽ സ്റ്റേഡിയത്തിന്റെ ചുറ്റുമതിൽ, പാർക്കിങ് കവാടം, സ്റ്റേഡിയത്തിനകത്തെ പ്രധാന ജോലികൾ എന്നിവ പൂർത്തിയാക്കാൻ സ്പോൺസർക്ക് കഴിഞ്ഞിട്ടില്ല. നിലവിലെ സാഹചര്യത്തിൽ സ്റ്റേഡിയത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്.
മെസ്സി ഉൾപ്പെടുന്ന അർജന്റീന ടീമിനെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് 70 കോടി രൂപ ചെലവിൽ സ്റ്റേഡിയം ലോകോത്തര നിലവാരത്തിലേക്ക് പുതുക്കിപ്പണിയാമെന്ന വാഗ്ദാനത്തോടെ സ്പോൺസർ നവീകരണ ജോലികൾ ഏറ്റെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റേഡിയത്തിന്റെ ചുറ്റുമതിൽ നിർമ്മാണം, പുതിയ കവാടം, സീറ്റുകൾ മാറ്റൽ, ഏരിയ നവീകരണം, ഫ്ലഡ് ലൈറ്റ് നവീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
എന്നാൽ, പിന്നീട് മെസ്സിയും അർജന്റീനയും വരുന്നില്ലെന്ന് വ്യക്തമാവുകയും, സ്റ്റേഡിയം വിട്ടുനൽകിയതിൽ വ്യക്തമായ കരാറുകളില്ലെന്ന വിവാദം ഉയരുകയും ചെയ്തിരുന്നു. ജിസിഡിഎ മിനിറ്റ്സിന്റെ അടിസ്ഥാനത്തിൽ സ്റ്റേഡിയം കേരള സ്പോർട്സ് ഫൗണ്ടേഷന് കൈമാറുകയും, അവർ നവീകരണത്തിനായി സ്പോൺസറെ ചുമതലപ്പെടുത്തുകയുമായിരുന്നു.
നവീകരണ ജോലികൾ ഏറെക്കുറെ നടപ്പായെങ്കിലും പൂർണ്ണമായിട്ടില്ലെന്ന് ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ള അറിയിച്ചു. സ്റ്റേഡിയത്തിന്റെ പുറംമതിലും ടാറിങ് ജോലികളുമാണ് പ്രധാനമായും പൂർത്തിയാകാനുള്ളത്. ടാറിങ് ജോലികൾ സമയം എടുക്കുന്നതിനാലാണ് സ്റ്റേഡിയം ഇപ്പോൾ തിരികെ നൽകിയിരിക്കുന്നത്. ഇനി ശേഷിക്കുന്ന ജോലികളിൽ ഒരു ഭാഗം സ്പോൺസറും, ബാക്കി ജിസിഡിഎയും പൂർത്തിയാക്കാനാണ് നിലവിലെ തീരുമാനം. ഇതിനായി പ്രത്യേക കരാറിന്റെ ആവശ്യമില്ലെന്നും മിനിറ്റ്സ് തന്നെ മതിയാകുമെന്നും ചെയർമാൻ വ്യക്തമാക്കി.
നവീകരണത്തിന്റെ നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ച് ജിസിഡിഎ നാളെ വാർത്താക്കുറിപ്പ് പുറത്തിറക്കുമെന്നും, അവ്യക്തതകൾക്ക് ഇടയില്ലാത്ത വിധത്തിലായിരിക്കും റിപ്പോർട്ടെന്നും കെ. ചന്ദ്രൻ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സ്റ്റേഡിയത്തിനകത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. നിലവിലെ പ്രവർത്തനങ്ങൾ തുടരുന്നതിനായി സ്പോൺസർക്ക് സമയം നീട്ടി നൽകുന്നതിനൊപ്പം ജിസിഡിഎയും നവീകരണ ജോലികളുമായി മുന്നോട്ട് പോകുമെന്നാണ് വിവരം.
















