വളാഞ്ചേരിയിൽ മൊബൈൽ ഫോൺ കട കുത്തിത്തുറന്ന് മോഷണം നടത്തിയ അന്തർ സംസ്ഥാന പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ വളാഞ്ചേരി പൊലീസ് പിടികൂടി. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശിയായ രാകേഷ് ഷായാണ് (23) സംഭവത്തിൽ അറസ്റ്റിലായത്.
വളാഞ്ചേരി ബസ് സ്റ്റാൻഡിന് സമീപം പെരിന്തൽമണ്ണ റോഡിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോൺ കടയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു മോഷണം. സർവീസിനായി കടയിൽ എത്തിച്ച 60-ഓളം മൊബൈൽ ഫോണുകളാണ് പ്രതി മോഷ്ടിച്ചത്.
കടയുടെ ഷട്ടറും പൂട്ടുകളും പൊളിച്ചാണ് പ്രതി മോഷണം നടത്തിയത്. കട തുറക്കാൻ എത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യം അറിഞ്ഞതും ഉടൻതന്നെ വളാഞ്ചേരി പൊലീസിനെ വിവരം അറിയിച്ചതും. വിവരം ലഭിച്ച ഉടൻ വളാഞ്ചേരി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
മോഷണം നടക്കുന്നതിനിടെ പ്രതി രാകേഷിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളിൽ നിന്ന് പ്രതിയുടെ മുഖം സ്ക്രീൻഷോട്ട് എടുത്ത് പൊലീസ് അന്തർ സംസ്ഥാന തൊഴിലാളികളെ കാണിക്കുകയും, അവരിലൂടെ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. അങ്ങനെ, ശനിയാഴ്ച പുലർച്ചെ മോഷണം നടത്തിയ രാകേഷ് ഷായെ അതേ ദിവസം തന്നെ വളാഞ്ചേരി പൊലീസ് പിടികൂടി.
















