പ്രേക്ഷകരുടെ പ്രിയങ്കരിയാണ് നടി ഹണി റോസ്. മലയാളത്തിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങൾ താരം ചെയ്തിട്ടുണ്ട്. ‘റേച്ചൽ’ആണ് താരത്തിന്റേതായി മലയാളത്തിൽ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ ബോഡി ഷെയ്മിംഗിനെതിരെ രൂക്ഷ പ്രതികരണവുമായി നടി ഹണി റോസ്. ശരീരത്തെ അധിക്ഷേപിക്കുന്നവർ മറുവശത്ത് ഇരിക്കുന്ന ആളുടെ മാനസികാവസ്ഥ മനസിലാക്കാത്തവർ ആണെന്ന് ഗൗരി കിഷന്റെ അനുഭവം സൂചിപ്പിച്ച് ഹണി റോസ് പറയുന്നു. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നവർ അതിൽ നിന്നും വരുമാനം ഉണ്ടാക്കുമ്പോൾ എന്തുമാറ്റം വരാനാണെന്നും നടി ഹണി റോസ് ചോദിക്കുന്നു.
ഹണി റോസ് പ്രധാനവേഷത്തിൽ ഏറ്റവും പുതിയ ചിത്രം ആണ് ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ‘റേച്ചൽ’. കരിയറിൽ ഇതുവരെകാണാത്ത വേഷപ്പകർച്ചയിലാണ് നടി ചിത്രത്തിൽ എത്തുന്നത്. ചിത്രം ഡിസംബർ 12 മുതൽ തിയേറ്ററുകളിൽ എത്തും. രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ജോയിച്ചനായി ബാബുരാജും ശ്രദ്ധേയ വേഷത്തിലുണ്ട്. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിലെല്ലാം വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ ടീസറും ഗംഭീരമായിരുന്നു. ആദ്യ ഗാനമായി ഇറങ്ങിയ ‘കണ്ണിൽ മാരിവില്ലിൻ ചെണ്ട്…’ ഏറെ സ്വീകാര്യത നേടി.
വയലന്‍സും രക്തച്ചൊരിച്ചിലും അഭിനയമുഹൂർത്തങ്ങളും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായിരിക്കും ചിത്രമെന്നാണ് ട്രെയിലറും നൽകിയിരിക്കുന്ന സൂചന. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഹണി റോസിനേയും ബാബുരാജിനേയും റോഷനേയും കൂടാതെജാഫര്‍ ഇടുക്കി, രാധിക രാധാകൃഷ്ണന്‍, ചന്തു സലിംകുമാര്‍, വിനീത് തട്ടില്‍, ജോജി കെ ജോൺ, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, ഡേവിഡ്,വന്ദിത മനോഹരന്‍ തുടങ്ങിയ താരങ്ങളും സിനിമയിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. റിവഞ്ച് ത്രില്ലർ ആയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്.
















