നിരവധി ഗുണങ്ങളുള്ള പഴമാണ് കൈതച്ചക്ക അഥവാ പൈനാപ്പിൾ. കൈതച്ചക്കയുടെ ജ്യൂസ് അടിപൊളിയാണ്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വലുപ്പമേറിയതും ഭാരമേറിയതുമായ കൈതച്ചക്ക ഓസ്ട്രേലിയയിൽ വിളഞ്ഞിരിക്കുകയാണ്. വൈകാതെ ഇത് ഗിന്നസ് റെക്കോർഡിലിടം പിടിച്ചു. ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ ഉൾപ്പെടുന്ന ഡാർവിൻ നഗരത്തിനു സമീപം പാൽമേർസ്റ്റൻ എന്ന സ്ഥലത്തെ താമസക്കാരിയായ ക്രിസ്റ്റീൻ മക്കല്ലമമാണു വലുപ്പമേറിയ കൈതച്ചക്ക വിളയിപ്പിച്ചെടുത്തത്. 8.28 കിലോ ആണ് ഈ കൈതച്ചക്കയുടെ ഭാരം.

12 വർഷമായി മാറ്റമില്ലാതെ തുടരുകയാണ് ഈ റെക്കോർഡ്. ഇതിനു മുൻപ് ഓസ്ട്രേലിയയ്ക്കു സമീപത്തു തന്നെയുള്ള പാപ്പുവ ന്യൂഗിനിയിലാണു ഏറ്റവും വലിയ കൈതച്ചക്കയ്ക്കുള്ള റെക്കോർഡ് നിലനിന്നിരുന്നത്. 8.08 കിലോയായിരുന്നു അതിന്റെ ഭാരം.തെക്കേ അമേരിക്കൻ സ്വദേശിയാണു കൈതച്ചക്ക അഥവാ പൈനാപ്പിൾ. തെക്കൻ ബ്രസീലിനും പരാഗ്വേയ്ക്കും ഇടയിലുള്ള പ്രദേശമാണ് ഇതിന്റെ ജന്മദേശം. ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പുതന്നെ ഇവിടെ കൈതച്ചക്ക കൃഷി ചെയ്തിരുന്നു. മധ്യഅമേരിക്കയിലെ മായൻ, ആസ്ടെക് ജനവിഭാഗങ്ങളായിരുന്നു കൃഷിക്കാർ.ബ്രസീലിലെ ഗ്വാരാനി ഇന്ത്യക്കാർ ഇതിനെ ‘നാന’ എന്നാണ് വിളിച്ചിരുന്നത്; ‘വിശിഷ്ടമായ ഫലം’ എന്നർഥം.
ക്രിസ്റ്റഫർ കൊളംബസാണ് കൈതച്ചക്കയെ യൂറോപ്പിന് പരിചയപ്പെടുത്തുന്നത്. 1493-ൽ തന്റെ രണ്ടാമത്തെ പര്യവേക്ഷണത്തിനിടെ ഗ്വാഡലൂപ് ദ്വീപിൽ വച്ചാണ് അദ്ദേഹം ഈ പഴം കാണുന്നത്. പോർച്ചുഗീസ്, സ്പാനിഷ് പര്യവേക്ഷകർ വഴി യൂറോപ്പിൽ നിന്ന് ഈ പഴം ആഫ്രിക്ക, ഏഷ്യ, പസിഫിക് ദ്വീപുകൾ എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. യൂറോപ്പിലെ മിതശീതോഷ്ണ കാലാവസ്ഥയിൽ കൈതച്ചക്ക കൃഷി ചെയ്യുന്നത് ദുഷ്കരമായിരുന്നു. അതിനാൽ, നൂറ്റാണ്ടുകളോളം ഇത് വളരെ വിലപിടിപ്പുള്ള വിശിഷ്ട വിഭവമായി കണക്കാക്കപ്പെട്ടു.
17,18 നൂറ്റാണ്ടുകളിൽ യൂറോപ്പിൽ കൈതച്ചക്ക കൃഷിക്കായി ഹരിതഗൃഹങ്ങൾ സ്ഥാപിച്ചു. പിന്നീടുള്ള നൂറ്റാണ്ടുകളിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയും തുടങ്ങി.ഹവായ് പോലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലായിരുന്നു ഇത് വ്യാപകമായത്. ഇന്ന് ലോകമെമ്പാടും ഉഷ്ണമേഖലാ രാജ്യങ്ങളിൽ കൈതച്ചക്ക വ്യാപകമായി കൃഷിചെയ്യുന്നു. കോസ്റ്ററിക്ക, ബ്രസീൽ, ചൈന, ഇന്ത്യ, തായ്‌ലൻഡ് എന്നിവർ പ്രധാന ഉൽപാദകരാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് കൈതച്ചക്ക ഓസ്ട്രേലിയയിൽ കൃഷി ചെയ്യാൻ തുടങ്ങിയത്.
















