ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പൊലീസ്. രാഹുലിനെ കണ്ടെത്താൻ ഓരോ ജില്ലകളിലും പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. രണ്ടാംപ്രതി ജോബി ജോസഫും ഒളിവിലാണ്.
രാഹുലുമായി അടുത്ത ബന്ധമുള്ളവരെ ഇന്നും ചോദ്യം ചെയ്യും. തെളിവ് ശേഖരണവും തുടരും. തിരുവനന്തപുരത്തും പാലക്കാടും പരിശോധനയും തുടരും. രാഹുൽ മാങ്കൂട്ടത്തിലും പരാതിക്കാരിയും എത്തിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യം വീണ്ടെടുക്കാനും ശ്രമം തുടരുന്നു. അതിനിടെ ഇരയുടെ ശബ്ദ സാമ്പിൾ പരിശോധിക്കും.
ഇരുവരും എത്തിയിട്ടുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമവും നടത്തുകയാണ്. യുവതിയുടെ ശബ്ദ സാമ്പിളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. നേരത്തെ പുറത്തുവന്ന ഓഡിയോ രാഹുലും പരാതിക്കാരിയായ യുവതിയും തമ്മിലുള്ളതാണെന്ന് ഉറപ്പിക്കുന്നതിനായാണിത്.
മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കുമ്പോൾ അതിനെ ശക്തമായി എതിർക്കാനാണ് പൊലീസ് തീരുമാനം. യുവതിക്കെതിരെ മുദ്ര വെച്ച കവറിൽ രാഹുലും കോടതിയിൽ ചില തെളിവുകൾ കൈമാറിയിട്ടുണ്ട്.
















