കാസർകോട്: മാങ്ങാട് വീട്ടുമുറ്റത്ത് ഊരിവെച്ചിരുന്ന പഴയ എസി നാടോടി സ്ത്രീകൾ കടത്തിക്കൊണ്ടുപോയ സംഭവം വിദേശത്തുനിന്ന് തന്നെ വീട്ടുടമ ലൈവായി കണ്ടു. ദുബായിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രവാസിയുടെ വീട്ടിലായിരുന്നു മോഷണം നടന്നത്.
വിവരം അറിയിച്ചതിനെത്തുടർന്ന് എസി കടത്തിയ സ്ത്രീകളെ പോലീസ് കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മാങ്ങാട് കൂളിക്കുന്നിലെ വീട്ടിലാണ് സംഭവം നടന്നത്. വീട്ടിലെ ജോലിക്കാരൻ പുറത്തുപോയസമയത്താണ് മൂന്ന് നാടോടി സ്ത്രീകൾ വീട്ടിലെത്തുന്നത്.
ആരുമില്ലെന്ന് മനസ്സിലാക്കിയ ഇവർ വീട്ടുപരിസരം അരിച്ചുപെറുക്കി. നിലത്തുകണ്ട എസിയുമായി കടന്നുകളയുകയായിരുന്നു. പുതിയ സ്പിളിറ്റ് എസി വാങ്ങിയപ്പോൾ പഴയത് ഊരിവെച്ചതാണ് സ്ത്രീകൾ കടത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ എസി കളനാട്ട് പാഴ്വസ്തുക്കൾ വാങ്ങുന്ന കടയിൽ 5200 രൂപക്ക് വിറ്റതായി മനസ്സിലായി.
നാടോടി സ്ത്രീകളെയും, വിൽപ്പന നടത്തിയ എസിയും കണ്ടെടുത്തു. പ്രവാസി പരാതി നൽകാതിരുന്നതിനാൽ നാടോടി സ്ത്രീകളെ പോലീസ് താക്കീത് നൽകി വിട്ടയച്ചു.
















