പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ഒളിവിൽ തുടരുന്നു. പാലക്കാട് കണ്ണാടിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കിടെയാണ് എം.എൽ.എ.യെ കാണാതായത്. പരാതിക്കാരി മുഖ്യമന്ത്രിയെ നേരിൽക്കണ്ട് വിഷയം ധരിപ്പിച്ചു എന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ അപ്രത്യക്ഷനായത്. ഒരു ചുവന്ന പോളോ കാറിലാണ് അദ്ദേഹം കണ്ണാടിയിൽനിന്ന് മടങ്ങിയതെന്നാണ് പോലീസിന് ലഭിച്ച നിർണായക വിവരം.
പോലീസ് നടത്തിയ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ചുവന്ന പോളോ കാറിൽ യാത്ര തിരിച്ചതായി കണ്ടെത്തിയത്. ഈ കാർ ഒരു സിനിമാതാരത്തിന്റെ പേരിലുള്ളതാണെന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്. കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഉടമയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. എന്നാൽ, കണ്ണാടിയിൽനിന്ന് ഈ കാറിൽ യാത്ര തുടങ്ങിയ എം.എൽ.എ. പിന്നീട് വഴിയിൽവെച്ച് വാഹനം മാറിയോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. രാഹുലിനൊപ്പം കേസിൽ പ്രതിയായ സുഹൃത്ത് ജോബിയും ഒളിവിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
എം.എൽ.എ. കോയമ്പത്തൂരിലേക്ക് കടന്നതായി നേരത്തെ സൂചനകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. കൂടാതെ, രാഹുലിന്റെ സുഹൃത്തുക്കളുടെ നീക്കങ്ങൾ പോലീസ് നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സുഹൃത്തുക്കളുടെ വീടുകളിലും പോലീസ് പരിശോധന നടത്തി. ഇവരുടെയെല്ലാം ഫോൺവിളി രേഖകളും നിലവിൽ ക്രൈംബ്രാഞ്ചിന്റെ കർശന നിരീക്ഷണത്തിലാണ്.
















