സൈബര്‍ അധിക്ഷേപ കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരത്തില്‍. ഇന്നലെ രാത്രി മുതൽ ഭക്ഷണം ഒഴിവാക്കിയിരിക്കുകയാണ്. വെള്ളം മാത്രം മതിയെന്നാണ് രാഹുൽ പറഞ്ഞിരിക്കുന്നത്. ജില്ല ജയിൽ ബി ബ്ലോക്കിലാണ് രാഹുൽ ഈശ്വർ കഴിയുന്നത്. ഇന്നലെ റിമാന്‍ഡ് ഉത്തരവ് വന്നപ്പോള്‍ തന്നെ ഇത് കള്ളക്കേസാണ് ജയിലില്‍ നിരാഹാരമിരിക്കും എന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം എസിജെഎം കോടതി ഇന്നലെ രാഹുലിൻ്റെ ജാമ്യേപേക്ഷ തള്ളിയിരുന്നു. 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്. അന്വേഷണം നടക്കുമ്പോള്‍ ഇത്തരം പോസ്റ്റുകള്‍ ഇട്ടത് ചെറുതായി കാണാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം എസിജെഎം കോടതി രാഹുലിൻ്റെ ജാമ്യാപേക്ഷ തള്ളിയത്.
ജാമ്യമില്ലാ കുറ്റം ചുമത്തിയായിരുന്നു രാഹുലിനെ അറസ്റ്റ് ചെയ്തത്. എന്നാൽ, അറസ്റ്റ് നിയമപരമല്ലെന്നും യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വർ കോടതിയില്‍ വാദിച്ചത്.
കൂടാതെ, സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വർ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ അപ്പീൽ നൽകും. ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.
കേസിൽ പ്രതിച്ചേർക്കപ്പെട്ട കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരിയെ തിരിച്ചറിയുന്ന തരത്തിൽ ഒരു നടപടിയും തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നാണ് സന്ദീപിന്റെ വാദം.
















