ബോണക്കാട് ഉൾവനത്തിൽ കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി. കടുവ സെൻസസിന് പോയി കാണാതായ ഉദ്യോഗസ്ഥരെയാണ് കണ്ടെത്തിയത്. ബോണക്കാട് പരുത്തിപ്പള്ളി ഭാഗത്താണ് ഇവർ എണ്ണമെടുക്കാൻ പോയത്. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബിഎഫ്ഒ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കണ്ടെത്തിയത്.
ആര്‍ആര്‍ടി സംഘം നടത്തിയ തെരച്ചിലിനിടെ ഉദ്യോഗസ്ഥർ നടന്നുവരികയായിരുന്നു. ഇവരുമായി സംഘം അടുത്ത ഷെൽട്ടർ ക്യാമ്പിലേക്ക് പോയി. വഴിതെറ്റിയതാണ് ഉദ്യോഗസ്ഥർ കാട്ടിൽ കുടുങ്ങാൻ കാരണം എന്നാണ് വിവരം. മൊബൈൽ ഫോണിൽ കാട്ടിലേക്ക് കയറുന്ന വഴി രേഖപ്പെടുത്തിവെക്കാറുണ്ട്. ഇത് നോക്കിയാണ് തിരിച്ചിറങ്ങുന്നത്. എന്നാൽ ഈ ഫോൺ ഓഫ് ആയതോടെ ഉദ്യോഗസ്ഥർക്ക് നടന്ന വഴി മാറിപ്പോയി. വാക്കിടോക്കിയും പ്രവർത്തിച്ചിരുന്നില്ല.
ഇന്നലെ രാവിലെയാണ് ഉൾവനത്തിലേക്ക് പോയ മൂവർ സംഘത്തെ കാണാതായത്. വൈകുന്നേരത്തോടെ ക്യാമ്പിൽ വരേണ്ടവർ മടങ്ങിയെത്താതെ വന്നതോടെ വലിയ ആശങ്ക ഉയർന്നിരുന്നു. മൊബൈലിന് റേഞ്ച് ഇല്ലാത്തത് മൂലം ഇവരെ ബന്ധപ്പെടാനും സാധിച്ചിരുന്നില്ല.
















