തൃശൂരിൽ ഹോണടിച്ചതിന്റെ പേരിലുണ്ടായ തർക്കത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. തൃശൂർ പേരാമംഗലത്ത് ഇന്ന് പുലർച്ചെയാണ് സംഭവം. മുണ്ടൂർ സ്വദേശി ബിനീഷ് (46), മകൻ അഭിനവ് (19), സുഹൃത്ത് അഭിജിത്ത് (29) എന്നിവർക്കാണ് കുത്തേറ്റത്. മുണ്ടൂരിലെ പച്ചക്കറി കടയിലെ ജീവനക്കാരനായ കേച്ചേരി സ്വദേശി കൃഷ്‌ണ കിഷോർ ആണ് മൂന്നുപേരെയും ആക്രമിച്ചത്. ശേഷം പ്രതി സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.
രണ്ടു ബൈക്കുകളിലായാണ് അച്ഛനും മകനും സുഹൃത്തും യാത്ര ചെയ്തിരുന്നത്. ബാഡ്മിന്‍റണ്‍ കളിച്ചു മടങ്ങുകയായിരുന്നു. ബൈക്കിലാണ് ആക്രമിയും എത്തിയത്. അഭിനവ് ഹോണടിച്ചതിൽ അക്രമി പ്രകോപിതനാവുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് തടഞ്ഞുനിര്‍ത്തി തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. തുടര്‍ന്നായിരുന്നു ആക്രമണം.
കുത്തിയ ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച കൃഷ്‌ണ കിഷോറിനെ കുത്തേറ്റവർ പിന്തുടർന്നു. പിന്നീട് കാറിലെത്തിയ സുഹൃത്തിന്റെ സഹായത്തോടെ കൃഷ്‌ണ കിഷോർ രക്ഷപ്പെട്ടു. ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.
















