ശബരിമല മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട സി.പി.എം. നേതാവ് പദ്മകുമാറിനെയടക്കം സംരക്ഷിക്കുന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ‘തൊലിക്കട്ടിക്കുള്ള സംസ്ഥാന അവാർഡ്’ നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്കു നൽകുന്ന ‘പാഴ്‌വാക്കുകൾ’ കേട്ട് സി.പി.എം. സഹയാത്രികർ പോലും ഇപ്പോൾ യു.ഡി.എഫ്. അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മല്ലപ്പള്ളിയിൽ ചൊവ്വാഴ്ച വൈകീട്ട് നടന്ന യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സി.പി.എം. നേതൃത്വത്തിനെതിരെ ശക്തമായ ഭാഷയിലാണ് അദ്ദേഹം വിമർശനമുന്നയിച്ചത്. ക്രിമിനൽ കേസുകളിൽ പ്രതികളായ നേതാക്കളെ സംരക്ഷിക്കുന്ന പാർട്ടി സെക്രട്ടറിക്ക് അനുയോജ്യമായ അംഗീകാരം തൊലിക്കട്ടി അവാർഡായിരിക്കുമെന്ന പരിഹാസമാണ് വി.ഡി. സതീശൻ ഉന്നയിച്ചത്.
സംസ്ഥാന ഭരണത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച അദ്ദേഹം, പിണറായി വിജയൻ സർക്കാരിന്റെ വാഗ്ദാനങ്ങൾ ജനം തള്ളിക്കളഞ്ഞെന്നും അവ കേട്ട് സി.പി.എം. അനുഭാവികൾ പോലും മനം മാറ്റം വന്നതായും അഭിപ്രായപ്പെട്ടു. യു.ഡി.എഫ്. അധികാരത്തിലെത്തണം എന്ന് അവർ ആഗ്രഹിക്കുന്നുണ്ടെന്നും സതീശൻ പറഞ്ഞു.
അഡ്വ. റെജി തോമസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. പ്രൊഫ. പി.ജെ. കുര്യൻ, ആന്റോ ആന്റണി എം.പി, ജോസഫ് എം. പുതുശ്ശേരി, പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, കുഞ്ഞുകോശി പോൾ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളായ ഡോ. ബിജു ടി. ജോർജ്, സതീഷ് ബാബു തുടങ്ങിയ നേതാക്കൾ പൊതുയോഗത്തിൽ സംസാരിച്ചു.
















