ലൈംഗിക പീഡന കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷയിൽ വിധി ഇന്നുണ്ടായേക്കും. ഇന്നലെ പ്രിൻസിപ്പൽ സെഷൻസ് കോടതി വിശദമായ വാദം കേട്ടെങ്കിലും ചില രേഖകൾ കൂടി സമർപ്പിക്കാമെന്നു പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചതോടെ തുടർവാദത്തിനായി മാറ്റുകയായിരുന്നു.
കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിട്ടില്ല. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അഭ്യർഥന അംഗീകരിച്ച് അടച്ചിട്ട കോടതി മുറിയിലായിരുന്നു ഒന്നര മണിക്കൂർ നീണ്ട വാദം. ബലാത്സംഗവും ഗർഭഛിദ്രവും നടന്നുവെന്നു സ്ഥാപിക്കുന്നതിനു ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
നിസ്സഹായയായ സ്ത്രീ കുടുംബപ്രശ്നം പറയാൻ സമീപിച്ചപ്പോൾ ഭീഷണിപ്പെടുത്തി നഗ്നദൃശ്യം പകർത്തിയശേഷം ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന ആരോപണമാണ് രാഹുലിനെതിരെയുള്ളത്.
ഉഭയസമ്മതപ്രകാരമുള്ള ശാരീരിക ബന്ധമാണുണ്ടായതെന്നും യുവതിയുടെ ഇഷ്ടപ്രകാരമാണു ഗർഭഛിദ്രം നടത്തിയതെന്നുമാണ് പ്രതിഭാഗത്തിന്റെ നിലപാട്.
ഫോൺ വിളികളും ചാറ്റുകളും റെക്കോർഡ് ചെയ്തും സ്ക്രീൻ ഷോട്ടെടുത്തും സൂക്ഷിച്ചത് ഗൂഢോദ്ദേശ്യത്തോടെയാണെന്നും പരാതി നൽകാൻ യുവതിക്ക് തൊഴിൽ സ്ഥാപനത്തിൽ നിന്ന് സമ്മർദമുണ്ടായെന്നും സിപിഎം–ബിജെപി ഗൂഢാലോചനയാണ് പരാതിക്ക് പിന്നിലെന്നുമുള്ള മട്ടിലുള്ള കാര്യങ്ങൾ ഉന്നയിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ നീക്കം.
കോടതി തീരുമാനമെടുക്കുന്നതുവരെ അറസ്റ്റുണ്ടാകില്ലെന്ന് പ്രോസിക്യൂഷൻ ഉറപ്പു നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും അത്തരം ഉറപ്പുകൾ നൽകാനാകില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. ഇക്കാര്യത്തിൽ കോടതിയും ഇടപെട്ടില്ല.
അതേസമയം മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണെങ്കിലും രാഹുലിനെ പിടികൂടാനുള്ള പരിശ്രമം പ്രത്യേക അന്വേഷണ സംഘം തുടരുന്നു. കർണാടക കേന്ദ്രീകരിച്ചാണു തിരച്ചിൽ.
















