വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ മൊബൈൽ ഫോണും മറ്റ് സ്മാർട്ട് ഉപകരണങ്ങളും ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ലാറ്റിനമേരിക്കൻ രാജ്യമായ ചിലി. എലമെൻ്ററി, മിഡിൽ സ്കൂൾ വിദ്യാർത്ഥികൾക്കാണ് ഈ പുതിയ നിയന്ത്രണം ബാധകമാവുക.
മൊബൈൽ ഫോൺ ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങൾ കുറയ്ക്കുന്നതിനും ക്ലാസ് മുറിയിലെ ശ്രദ്ധ വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ നിയമം.
ചിലി കോൺഗ്രസ് വോട്ടിങ്ങിലൂടെ പാസ്സാക്കിയ ഈ നിയമം അടുത്ത വർഷം മുതലാണ് നടപ്പിലാക്കുക. ഈ വർഷം ആദ്യം സെനറ്റ് ബിൽ പാസ്സാക്കിയിരുന്നു.
ഒരു സാംസ്കാരിക മാറ്റമാണ് നടപ്പാക്കാൻ പോകുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി നിക്കോൾസ് കാറ്റൽഡോ സമൂഹമാധ്യമങ്ങളിൽ എഴുതി. കുട്ടികൾ വീണ്ടും പരസ്പരം മുഖങ്ങൾ കണ്ടു തുടങ്ങും, ഇടവേളകളിൽ തമ്മിൽ ഇടപഴകും, പഠനത്തിൽ ഏകാഗ്രത കൈവരിക്കും- അദ്ദേഹം പറഞ്ഞു.
ഫ്രാൻസ്, ബ്രസീൽ, ഹംഗറി, നെതർലൻഡ്‌സ്, ചൈന തുടങ്ങിയ രാജ്യങ്ങൾ നിലവിൽ ക്ലാസ് മുറികളിൽ മൊബൈൽ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
















