റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ന് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തും. ഇരുപത്തിമൂന്നാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിൻ കൂടിക്കാഴ്‌ച നടത്തും.
സംയുക്ത പ്രസ്‌താവനയ്‌ക്ക് പുറമെ ഒട്ടനവധി ഉഭയകക്ഷി കരാറുകളിലും ഒപ്പുവെയ്‌ക്കും. അമേരിക്കയിലെ ട്രംപ് ഭരണകൂടം ചുമത്തിയ 50 ശതമാനം പ്രതികാരത്തീരുവ കയറ്റുമതി മേഖലയ്‌ക്ക് ആഘാതമായ സാഹചര്യത്തിൽ റഷ്യയുമായി വ്യാപാരബന്ധം വിപുലപ്പെടുത്താനാകും സർക്കാർ ശ്രമിക്കുക.
യുഎസ് ഭീഷണിയെ തുടർന്ന് റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി മോദി സർക്കാർ വെട്ടിചുരുക്കിയിരുന്നു. റഷ്യയിലേക്ക് കൂടുതൽ യന്ത്രഭാഗങ്ങൾ, രാസവസ്‌തുക്കൾ, ഭക്ഷ്യവസ്‌തുക്കൾ, മരുന്നുകൾ എന്നിവ കയറ്റുമതി ചെയ്യാനാണ് ഇന്ത്യ താൽപ്പര്യപ്പെടുന്നത്.
ആണവോർജ മേഖലയ്‌ക്ക് ആവശ്യമായ സാങ്കേതിക സഹായം ഇന്ത്യയ്ക്ക് നൽകാൻ റഷ്യ ഒരുക്കമാണ്. ചെറുകിട റിയാക്ടറുകളുടെ നിർമാണവും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഇതിന് പുറമെ അത്യാധുനിക എസ്‌യു 57 യുദ്ധവിമാനം, എസ് 500 മിസൈൽ പ്രതിരോധ സംവിധാനങ്ങൾ എന്നിവ ഇന്ത്യക്ക് കൈമാറാനും റഷ്യ താൽപ്പര്യപ്പെടുന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഇന്ത്യാ സന്ദർശനത്തോട് അനുബന്ധിച്ച് രാഷ്ട്രതലസ്ഥാനത്ത് പാഴുതടച്ച സുരക്ഷയാണ് ഒരുക്കിയിക്കുന്നത്. റഷ്യയുടെ പ്രസിഡൻഷ്യൽ സെക്യൂരിറ്റി സർവീസിനൊപ്പം എൻഎസ്‌ജി കമാൻഡോകളും ചേർന്നാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. തീവ്രപരിശീലനം ലഭിച്ച 50-ലേറെ റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർ ഡൽഹിയിൽ എത്തി. വ്ലാദിമിർ പുടിൻ സന്ദർശനം നിശ്ചയിച്ച ഇടങ്ങളിൽ പരിശോധനകൾ പൂർത്തിയായി.
ഇന്ത്യൻ ഇറക്കുമതി വർധിപ്പിക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യുമെന്നും ഇന്ത്യയും ചൈനയും ഉൾപ്പടെയുള്ള മുഖ്യ പങ്കാളികളുമായുള്ള സാമ്പത്തിക ഇടപെടൽ ശക്തിപ്പെടുത്തുമെന്നും പുടിൻ വ്യക്തമാക്കിയിരുന്നു. സന്ദർശത്തിൽ ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ഇരു രാജ്യങ്ങളും അവലോകനം ചെയ്യുമെന്നും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും ഇന്ത്യൻ വിദേശമന്ത്രാലയം അറിയിച്ചു.
















