ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമെന്ന് ഡല്‍ഹി കോടതി. പരാതിക്ക് പിന്നില്‍ ആഴത്തിലുള്ള ഗൂഢാലോചന നടന്നുവെന്നാണ് ഡല്‍ഹിയിലെ ഒരു കോടതിയുടെ നിരീക്ഷണം. ആരോപണങ്ങള്‍ ഉന്നയിച്ച രണ്ട് ഗുസ്തിക്കാര്‍ വിചാരണയ്ക്കിടെ കൂറുമാറി. പ്രോസിക്യൂഷന്റെ വാദത്തെ ഇവര്‍ പിന്തുണച്ചില്ലെന്നും വിശദമായ വിധിന്യായത്തില്‍ കോടതി പറഞ്ഞു. ഈ മാസം മൂന്നിന് ആണ് ബ്രിജ് ഭൂഷനെ റൗസ് അവെന്യൂ കോടതി കുറ്റവിമുക്തനാക്കിയത്.
ഡല്‍ഹി റൗസ് അവന്യു കോടതിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അശ്വിനി പന്‍വാറാണ് വിധിന്യായത്തില്‍ നിര്‍ണായക നിരീക്ഷണങ്ങള്‍ നടത്തിയിരിക്കുന്നത്. ഇരകളെന്ന് പറഞ്ഞവര്‍ക്ക് കൃത്യമായി കൗണ്‍സിലിങ് നല്‍കിയെന്നും ഇതിനിടെ രണ്ടുപേര്‍ തങ്ങള്‍ക്കെതിരെ ലൈംഗിക പീഡനമുണ്ടായിട്ടില്ലെന്ന് മാറ്റിപ്പറയുകയും ചെയ്തിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതി വളരെ വൈകിയാണെന്ന കാര്യം കൂടി കണക്കിലെടുക്കുമ്പോള്‍ കൃത്യമായ ഗൂഢാലോചന ഇതില്‍ നടന്നതായി സംശയിക്കപ്പെടുന്നതായും കോടതി വിധിന്യായത്തില്‍ പറയുന്നുണ്ട്.
2023 ഏപ്രിലിലാണ് ഗുസ്തി താരങ്ങളുടെ പരാതിയില്‍ ബ്രിജ് ഭൂഷണെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2024 ജൂലൈയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. റൗസ് അവന്യൂ കോടതിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അശ്വനി പന്‍വാര്‍ കേസിലെ വിധി പറയുന്നതിനായി ഓഗസ്റ്റ് 3-ലേക്ക് മാറ്റിവെച്ചിരിക്കുകയായിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച് മൂന്ന് വര്‍ഷത്തിന് ശേഷമാണ് വിധി. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരിക്കേ വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ബ്രിജ് ഭൂഷണിനെതിരേ വന്‍ പ്രതിഷേധം നടന്നിരുന്നു. സാക്ഷി മാലിക്, ബജ്രംഗ് പുനിയ, വിനേഷ് ഫോഗട്ട് തുടങ്ങി നിരവധി താരങ്ങള്‍ ഡല്‍ഹിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Story Highlights : sexual harassment case against Brij Bhushan Sharan Singh was political:court
















