ദുബായ് ബ്ലൂചിപ്പ് നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ രവീന്ദ്രനാഥ് സോണിയെ 18 മാസത്തെ ഒളിവുജീവിതത്തിന് ശേഷം പോലീസ് വലയിലാക്കി. ഡെറാഡൂണിൽ വെച്ച് കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രഹസ്യമായി ഭക്ഷണം ഓർഡർ ചെയ്തതിലൂടെയാണ് തട്ടിപ്പിന്റെ സൂത്രധാരനായ ഇയാൾ പിടിയിലായത്.
ദുബായ് ആസ്ഥാനമായുള്ള ബ്ലൂചിപ്പ് ഗ്രൂപ്പിന്റെ ഉടമയും താൻ നടത്തിയ വൻ നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതിയുമാണ് 44 വയസ്സുള്ള രവീന്ദ്രനാഥ് സോണി. ഇന്ത്യൻ വംശജനായ ഇയാൾക്കെതിരെ യുഎഇയിലെ ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളിലൊന്നിന്റെ സൂത്രധാരൻ എന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
ബർ ദുബായിലെ അൽ ജവാഹറ ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന ബ്ലൂചിപ്പ് കമ്പനി വഴി അസാധാരണമാംവിധം ഉയർന്ന പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്താണ് ഇയാൾ നിരവധി നിക്ഷേപകരെ വലയിലാക്കിയത്. ഖലീജ് ടൈംസ് റിപ്പോർട്ട് പ്രകാരം, 18 മാസത്തേക്ക് കുറഞ്ഞത് 10,000 യുഎസ് ഡോളർ നിക്ഷേപിക്കുന്നവർക്ക് പ്രതിമാസം 3 ശതമാനം അഥവാ പ്രതിവർഷം 36 ശതമാനം ‘ഗ്യാരണ്ടീഡ്’ റിട്ടേൺ ആണ് ബ്ലൂചിപ്പ് വാഗ്ദാനം ചെയ്തത്.
ആദ്യ മാസങ്ങളിൽ കൃത്യമായി പ്രതിഫലം നൽകി നിക്ഷേപകരുടെ വിശ്വാസം നേടിയെടുത്ത ശേഷമാണ് ബ്ലൂചിപ്പ് തട്ടിപ്പ് അരങ്ങേറിയത്. എന്നാൽ, 2024 മാർച്ചോടെ പേയ്‌മെന്റുകൾ പെട്ടെന്ന് നിലച്ചു, ഇതോടെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെയായി. ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് യുഎഇ നിവാസികൾക്ക് 100 മില്യൺ യുഎസ് ഡോളറിലധികം ഏകദേശം 902 കോടി രൂപ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ചെക്കുകൾ മടങ്ങാൻ തുടങ്ങിയതോടെ ബ്ലൂചിപ്പ് ഗ്രൂപ്പിന്റെ ഓഫീസ് ഒറ്റരാത്രികൊണ്ട് അടച്ചുപൂട്ടി. രവീന്ദ്രനാഥ് സോണിയടക്കമുള്ള ജീവനക്കാരെ കാണാതാവുകയും ചെയ്തു.
ഡെറാഡൂണിൽ വെച്ച് നവംബർ 30-നാണ് കാൺപൂർ പോലീസ് രവീന്ദ്രനാഥ് സോണിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18 മാസമായി ഇയാളെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഈ വർഷം ജനുവരി 5-ന് ദില്ലി നിവാസിയായ അബ്ദുൾ കരീം നൽകിയ പരാതിയാണ് കേസിന് ആധാരം. ഒരു വർഷത്തിനുള്ളിൽ പണം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് സോണി തന്നെയും ദുബായിൽ ജോലി ചെയ്യുന്ന മകൻ തൽഹയെയും 1.6 മില്യൺ ദിർഹം ഏകദേശം 4 കോടി രൂപ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചതായി കരീം ആരോപിച്ചിരുന്നു. നിക്ഷേപിച്ച പണം തിരികെ ലഭിക്കാതിരുന്നതിനെ തുടർന്നായിരുന്നു പരാതി.
18 മാസത്തെ അന്വേഷണത്തിനൊടുവിലാണ് ഒളിവിലിരുന്ന സോണി കുടുങ്ങിയത്. രവീന്ദ്രനാഥ് തൻ്റെ ഒളിയിടത്തേക്ക് ഒരു ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്തതാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് കാൺപൂർ പോലീസ് വ്യക്തമാക്കി. ഭക്ഷണ ഓർഡർ പിന്തുടർന്ന് പോലീസ് ഇയാളുടെ ഒളിയിടം കണ്ടെത്തുകയായിരുന്നു.
















