കേരള രാഷ്ട്രീയം ഒരു യുവനേതാവിന്റെ ഞെട്ടിക്കുന്ന വളർച്ചയ്ക്കും അതിലും അപ്രതീക്ഷിതമായ തകർച്ചയ്ക്കും സാക്ഷ്യം വഹിച്ചിരിക്കുകയാണ്. മറ്റാരും അല്ല യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനും പാലക്കാട് എം.എൽ.എ.യുമായ രാഹുൽ മാങ്കൂട്ടത്തിലിന്റേതാണ്. കേവലം രണ്ട് വർഷം കൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് എം.എൽ.എയായും മാറിയ ഈ യുവ നേതാവ് ഇപ്പോൾ സ്വഭാവദൂഷ്യ ആരോപണങ്ങളുടെ കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്. പത്തനംതിട്ട അടൂരിൽ നിന്ന് തുടങ്ങിയ ഈ രാഷ്ട്രീയ യാത്ര ഇന്ന് കോൺഗ്രസ് പാർട്ടിക്ക് തന്നെ വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്.
സമൂഹമാധ്യമങ്ങളിലെ തീപ്പൊരി പോസ്റ്റുകളിലൂടെയും ചാനൽ ചർച്ചകളിലെ മൂർച്ചയേറിയ മറുപടികളിലൂടെയുമാണ് രാഹുൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ അതിവേഗം ശ്രദ്ധേയനായത്. 2006-ൽ പത്തനംതിട്ട കാത്തലിക്കേറ്റ് കോളേജിൽ കേരള സ്റ്റുഡന്റ്‌സ് യൂണിയനിലൂടെ (കെ.എസ്.യു.) ആയിരുന്നു രാഹുലിന്റെ തുടക്കം. കെ.എസ്.യു.വിന്റെ വിവിധ ഭാരവാഹിത്വങ്ങൾ, എൻ.എസ്.യു.ഐ.യുടെ ദേശീയ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ പദവികൾ അദ്ദേഹം വഹിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ ‘വിജയൻ’ എന്ന് വിളിച്ച് നടത്തിയ പ്രസംഗങ്ങൾ കോൺഗ്രസ് അണികളെ ആവേശം കൊള്ളിച്ചു. മറ്റ് യുവനേതാക്കളെ പരിഗണിക്കാതെ, ഷാഫി പറമ്പിലിന്റെയും വി.ഡി. സതീശന്റെയും ശക്തമായ പിന്തുണയാണ് രാഹുലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തും പിന്നീട് 2024 നവംബറിലെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ 18,840 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിയമസഭയിലും എത്തിച്ചത്. ഉമ്മൻചാണ്ടി ഗ്രൂപ്പുകാരനായി അറിയപ്പെട്ടിരുന്നെങ്കിലും, കെ.സി. വേണുഗോപാലിനോട് കൂറ് പുലർത്തിയ രാഹുലിന്റെ ഈ വളർച്ച കോൺഗ്രസ് രാഷ്ട്രീയത്തിലെ പുതിയ നീക്കമായിരുന്നു.
രാഷ്ട്രീയ വിജയം നേടി അധികം വൈകാതെയാണ് രാഹുൽ ഗുരുതരമായ ആരോപണങ്ങളിൽ കുടുങ്ങുന്നത്. 2025 ഓഗസ്റ്റ് 21-ന്, ഒരു യുവനടി ലൈംഗികാരോപണവുമായി രംഗത്തെത്തിയതാണ് വിവാദങ്ങളുടെ തുടക്കം. പേര് വെളിപ്പെടുത്താത്ത ‘യുവ രാഷ്ട്രീയ നേതാവ്’ തനിക്ക് മോശം സന്ദേശങ്ങൾ അയച്ചെന്നും ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും നടി റിനി ആൻ ജോർജ്ജ് വെളിപ്പെടുത്തി. ഇത് രാഹുൽ മാങ്കൂട്ടത്തിനെതിരെയാണെന്ന സൂചന ശക്തമായതോടെ അദ്ദേഹം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു.
പിന്നാലെ, മുൻ കോൺഗ്രസ് എം.പി. ടി.എൻ. പ്രതാപന്റെ മകൾ ഉൾപ്പെടെ നിരവധി സ്ത്രീകൾ രാഹുലിനെതിരെ രംഗത്തെത്തി. ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയെന്നും താഴ്ന്ന ജാതിക്കാരിയായതിനാൽ വിവാഹം കഴിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയെന്നും ആരോപണങ്ങൾ ഉയർന്നു. ഒരു യുവതിയെ ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്നതായി പറയപ്പെടുന്ന ഓഡിയോ ക്ലിപ്പുകൾ പ്രചരിച്ചതോടെ രാഹുൽ കൂടുതൽ കൂടുത പ്രശ്നത്തിലായി.
താനുമായി ലൈംഗിക ബന്ധം ഉണ്ടായിരുന്നുവെന്നും അത് ഗർഭധാരണത്തിന് കാരണമായെന്നും രാഹുൽ മുൻകൂർ ജാമ്യാപേക്ഷയിൽ സമ്മതിച്ചു. നടി തൻവി റാമുമായി ബന്ധമുണ്ടായിരുന്നതായും വിവാഹം ആലോചിച്ചിരുന്നതായും വാർത്തകൾ വന്നു. പാർട്ടിയിലെ വനിതാ നേതാക്കളുടെ ബന്ധുക്കൾ അടക്കം പലരും രാഹുലിനെതിരെ പരാതി നൽകിയതായാണ് റിപ്പോർട്ട്.
വിഷയം വലിയ നാണക്കേടായതോടെ കോൺഗ്രസ് നേതൃത്വം ശക്തമായ നടപടി സ്വീകരിച്ചു. രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. നിയമസഭയിൽ യു.ഡി.എഫ്. ചേംബറിൽ നിന്ന് മാറ്റി സ്വതന്ത്ര എം.എൽ.എ.യായി പ്രത്യേക ഇരിപ്പിടം നൽകിയിരിക്കുകയാണ്. നേരത്തെ സംഘടന തിരഞ്ഞെടുപ്പിൽ വ്യാജ ഐ.ഡി. കാർഡ് ഉണ്ടാക്കിയെന്ന ആരോപണം, വയനാട് പ്രളയ പുനരധിവാസത്തിനായി പിരിച്ച തുകയെ ചൊല്ലിയുള്ള വിമർശനം, പാർട്ടി തള്ളിയ പി.വി. അൻവറുമായി രഹസ്യമായി ചർച്ച നടത്തിയ സംഭവം തുടങ്ങിയ വിവാദങ്ങൾ ഉണ്ടായിട്ടും രാഹുലിനെ സംരക്ഷിച്ച പാർട്ടി നേതൃത്വത്തിന്റെ നിലപാടാണ് ഈ വലിയ പ്രതിസന്ധിയിലേക്ക് എത്തിച്ചതെന്നാണ് കോൺഗ്രസ്സ് വൃത്തങ്ങളിലെ സംസാരം. തുടർച്ചയായ ഈ ആരോപണങ്ങൾ, അദ്ദേഹത്തിന് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കുന്നതിൽ പോലും വലിയ വെല്ലുവിളിയാകുമെന്നത് ഉറപ്പാണ്.
















