ഇറ്റലിയിൽ 1948-കളിലും അതിനു ശേഷവും നിലനിന്നിരുന്ന ഒരു ഇരുണ്ട സാമൂഹിക അനാചാരമുണ്ടായിരുന്നു: ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടാൽ, അവളെ പീഡിപ്പിച്ച വ്യക്തിയെ വിവാഹം കഴിക്കാൻ അവൾ നിർബന്ധിതയാകും. ആ ‘വിവാഹത്തിലൂടെ’ മാത്രമേ അവൾക്ക് സമൂഹത്തിൽ ഒരു സ്ഥാനമോ മാന്യതയോ ലഭിക്കുമായിരുന്നുള്ളൂ.
ഇല്ലെങ്കിൽ, അവൾ ഒറ്റപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യും. ഭയവും നിസ്സഹായതയും ചേർന്ന് ആയിരക്കണക്കിന് യുവതികൾ ഈ ക്രൂരമായ ‘വിവാഹ ഉടമ്പടി’ക്ക് വഴങ്ങിപ്പോയ ആ കാലഘട്ടത്തിലാണ് ഫ്രാങ്ക വിയോള എന്ന യുവതി ജനിക്കുന്നത്.
തൻ്റെ സമ്മതമില്ലാതെ ശരീരത്തിൽ അതിക്രമം കാണിച്ചവനെ വിവാഹം ചെയ്ത് രക്ഷപ്പെടാൻ അവൾ തയ്യാറല്ലായിരുന്നു. പകരം, ആ സമൂഹം മൊത്തം എതിർത്തപ്പോഴും, വെറും 18 വയസ്സിൽ, അവൾ ധീരമായി പ്രഖ്യാപിച്ചു: “എന്നെ പീഡിപ്പിച്ചവനെ ഞാൻ വിവാഹം ചെയ്യില്ല!” നീതിക്ക് വേണ്ടി നിലകൊണ്ട ആ നിശ്ചയദാർഢ്യം, അന്നുവരെ നിലനിന്നിരുന്ന എല്ലാ അനാചാരങ്ങൾക്കും നേരെ അവൾ ഉയർത്തിയ ഒരു തീപ്പന്തമായിരുന്നു.
ഭയത്തിന്റെ ഇരുട്ടിൽ നിന്നും അവൾ ധൈര്യത്തിന്റെ വെളിച്ചത്തിലേക്ക് നടന്നുകയറി. ഫ്രാങ്ക വിയോള, ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി, സമൂഹത്തിൻ്റെ കുറ്റപ്പെടുത്തലുകളെയും ഒറ്റപ്പെടുത്തലിനെയും അതിജീവിച്ച് പോരാടിയ ധീരവനിത.
1948 ജനുവരി 9-ന് ഇറ്റലിയിലെ സിസിലിയിലെ അൽകാമോയിൽ കർഷകനായ ബെർനാർഡോ വിയോളയുടെയും വിറ്റ ഫെറയുടെയും മകളായാണ് ഫ്രാങ്ക വിയോള ജനിച്ചത്. ഒരു സാധാരണ സിസിലിയൻ പെൺകുട്ടി. 15-ാം വയസ്സിൽ, 23-കാരനായ ഫിലിപ്പോ മെലോഡിയയുമായി ഫ്രാങ്കയുടെ വിവാഹം ഉറപ്പിച്ചു.
എന്നാൽ ഈ ബന്ധം വിവാഹത്തിലേക്ക് എത്തുന്നതിന് മുൻപ് മെലോഡിയ ഒരു മോഷണക്കുറ്റത്തിന് ജയിലിലായി. മകളുടെ ഭാവി സുരക്ഷിതമാക്കാൻ, പിതാവ് ബെർനാർഡോ ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടു, ഫ്രാങ്ക അത് അനുസരിച്ചു. ജയിൽ മോചിതനായ മെലോഡിയ നാടുവിട്ട് ജർമ്മനിയിലേക്ക് പോയതോടെ ആ വിവാഹബന്ധം എന്നന്നേക്കുമായി അവസാനിച്ചു എന്ന് എല്ലാവരും കരുതി.
വർഷങ്ങൾക്ക് കടന്നുപോയി, 1965-ൽ, ഫ്രാങ്കയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു. ഈ സമയത്താണ് മെലോഡിയ അൽകാമോയിലേക്ക് തിരിച്ചെത്തുന്നത്. അപ്പോഴാണ് ഫ്രാങ്ക മറ്റൊരു വിവാഹം കഴിക്കാൻ പോകുന്ന കാര്യം അവൻ അറിയുന്നത്.
ഫ്രാങ്കയെ സ്വന്തമാക്കാൻ കഴിയാതെ വന്നതോടെ അയാൾ അവളുടെ പ്രതിശ്രുത വരനെയും പിതാവിനെയും ഭീഷണിപ്പെടുത്തി. എന്നാൽ അവർ വിവാഹത്തിൽ നിന്ന് പിന്മാറാൻ തയാറായില്ല. ഇതോടെ 1965 ഡിസംബർ 26-ന്, ക്രിസ്മസ് പിറ്റേന്ന് പുലർച്ചെ, ആയുധങ്ങളുമായി 12 പേരടങ്ങുന്ന സംഘവുമായി മെലോഡിയ ഫ്രാങ്കയുടെ വീട്ടിലേക്ക് ഇരച്ചുകയറി.
ഫ്രാങ്കോയുടെ അച്ഛനെയും അമ്മയെയും മർദ്ദിച്ചവശരാക്കി അവർ ഫ്രാങ്കയെ വലിച്ചിഴച്ചു കാറിൽ കയറ്റി. തടയാൻ ശ്രമിച്ച എട്ടുവയസ്സുകാരനായ അനുജൻ മരിയാനോയേയും അവർ കാറിൽ കയറ്റി. ഏതാനും മണിക്കൂറുകൾക്ക് ശേഷം മരിയാനോയെ സംഘം വിട്ടയച്ചു.
നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മെലോഡിയയുടെ ബന്ധുക്കളുടെ കൃഷിയിടത്തിലേക്കാണ് ഫ്രാങ്കയെ തട്ടിക്കൊണ്ടുപോയത്. തുടർന്നുള്ള എട്ട് ദിവസങ്ങൾ അവൾക്ക് കൊടുംപീഡനത്തിൻ്റേ ദിവസങ്ങൾ ആയിരുന്നു. മെലോഡിയയുടെ ക്രൂരമായ ബലാത്സംഗത്തിന് ഫ്രാങ്ക ഇരയായി. ഓരോ തവണയും അയാൾ അവളോട് ആവർത്തിച്ചു: “സമൂഹത്തിൽ നീ അപമാനിതയായി. ഇനി നിനക്ക് എന്നെ വിവാഹം കഴിച്ചാൽ മാത്രമേ രക്ഷയുള്ളൂ.”
സമൂഹം കന്യകാത്വം നഷ്ടപ്പെട്ടവളെ എങ്ങനെ കാണുമെന്ന് ഭീഷണിപ്പെടുത്തി അവളെ വിവാഹത്തിന് പ്രേരിപ്പിക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. എന്നാൽ, എല്ലാ പീഡനങ്ങൾക്കിടയിലും ഫ്രാങ്കയുടെ മനസ്സ് വഴങ്ങിയില്ല. അവൾ അയാളുടെ ആവശ്യം തള്ളിക്കളഞ്ഞു.
ഡിസംബർ 31-ന്, മെലോഡിയ ഫ്രാങ്കയുടെ പിതാവ് ബെർനാർഡോ വിയോളയെ സമീപിച്ച് മകളെ വിവാഹം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനോടകം പോലീസിൽ പരാതി നൽകിയിരുന്ന ബെർനാർഡോ, മെലോഡിയയുടെ ആവശ്യം അംഗീകരിക്കുന്നതായി നടിക്കുകയും ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. 18-ാം പിറന്നാളിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ, 1966 ജനുവരി 2-ന് പോലീസ് ഫ്രാങ്കയെ കണ്ടെത്തുകയും മോചിപ്പിക്കുകയും ചെയ്തു. അവളെ തട്ടിക്കൊണ്ടുപോയ അക്രമി സംഘവും മെലോഡിയയും പോലീസ് പിടിയിലായി.
അക്കാലത്ത് സിസിലിയിൽ നിലവിലുണ്ടായിരുന്ന ഒരു സാമൂഹിക രീതി അനുസരിച്ച്, പീഡിപ്പിച്ച പുരുഷൻ സ്ത്രീയെ വിവാഹം ചെയ്താൽ ക്രിമിനൽ നടപടികൾ ഒഴിവാക്കുമായിരുന്നു. കന്യകാത്വം നഷ്ടപ്പെട്ട സ്ത്രീയെ സമൂഹം അനാദരവോടെ കണ്ടിരുന്നതിനാൽ, വിവാഹം നിയമപരമായ നിലനിൽപ്പിന് അനിവാര്യമായി കണക്കാക്കിയിരുന്നു.
ഇറ്റാലിയൻ ക്രിമിനൽ ചട്ടം 544 ബലാത്സംഗത്തെ ‘സാമൂഹിക ആചാര ലംഘനം’ ആയാണ് കണ്ടിരുന്നത്. അതിനാൽ, വിവാഹം ചെയ്യുന്നതോടെ ഈ ‘ലംഘനം’ ഒഴിവാക്കപ്പെടുമായിരുന്നു. പിടിയിലായപ്പോഴും മെലോഡിയ ഇതേ വാഗ്ദാനം ഫ്രാങ്കയ്ക്ക് മുന്നിൽ വെച്ചു.
പക്ഷേ, ഫ്രാങ്ക വിയോളയുടെ തീരുമാനം ചരിത്രപരമായിരുന്നു. താൻ പീഡിപ്പിക്കപ്പെട്ടവളാണെങ്കിലും, തന്നെ ബലാത്സംഗം ചെയ്തവനെ വിവാഹം ചെയ്ത് ‘രക്ഷപ്പെടാൻ’ അവൾ തയ്യാറല്ലായിരുന്നു. “ഞാൻ ആരെയാണോ സ്നേഹിക്കുന്നത്, അവനെ മാത്രമേ വിവാഹം ചെയ്യൂ. അല്ലാതെ എന്നെ ബലാത്സംഗം ചെയ്തവനെ വിവാഹം ചെയ്യില്ല,” എന്ന് പറഞ്ഞ് അവൾ നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു.
ഫ്രാങ്കയുടെ ഈ നിലപാട് അവളുടെ കുടുംബത്തെ സാമൂഹികമായി ഒറ്റപ്പെടുത്തി. അവരുടെ വൈൻ യാർഡും കളപ്പുരയും തീവെച്ച് നശിപ്പിക്കപ്പെട്ടു. എന്നാൽ, ഇറ്റാലിയൻ പാർലമെന്റിൽ വരെ ഈ സംഭവം ചർച്ചയായി. മെലോഡിയയുടെ അഭിഭാഷകൻ, ഫ്രാങ്ക ഒളിച്ചോടിയതാണെന്നും വിവാഹമായിരുന്നു ലക്ഷ്യമെന്നും വാദിച്ചെങ്കിലും കോടതി അത് തള്ളി. മെലോഡിയ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും 11 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു .പിന്നീടത് 10 വർഷമായി കുറച്ചു.
ഈ ധീരമായ നിലപാട് കാരണം, പീഡിപ്പിച്ചയാൾ പീഡിപ്പിക്കപ്പെട്ട സ്ത്രീയെ വിവാഹം ചെയ്താൽ കുറ്റവിമുക്തനാകുന്ന നിയമം ഇറ്റലിയിൽ 1981 വരെ നിലവിലുണ്ടായിരുന്നെങ്കിലും, ഫ്രാങ്ക വിയോളയുടെ കേസ് നിയമം മാറ്റിയെഴുതാനുള്ള ഒരു പ്രേരക ശക്തിയായി മാറി. 1996-ൽ ഇറ്റാലിയൻ നിയമത്തിൽ ലൈംഗിക അതിക്രമം ഒരു ക്രിമിനൽ കുറ്റമായി എഴുതിച്ചേർക്കപ്പെട്ടു.
1968-ൽ, 21-ാം വയസ്സിൽ ഫ്രാങ്ക വിയോള, തന്റെ ബാല്യകാല സുഹൃത്തായ ഗിസിപ്പേ റൂസിയെ വിവാഹം ചെയ്തു. തങ്ങൾക്ക് നേരെ ഉയർന്ന ഭീഷണികൾ കാരണം റൂസിക്ക് ഭാര്യയുടെയും സ്വന്തം സുരക്ഷയ്ക്കുമായി തോക്ക് ലൈസൻസ് നേടേണ്ടി വന്നു. പോൾ ആറാമൻ മാർപ്പാപ്പയും അന്നത്തെ ഇറ്റാലിയൻ പ്രസിഡന്റ് ഗിസിപ്പേ സറാഗതും പരസ്യമായി ഫ്രാങ്കയുടെ ധൈര്യത്തെ പ്രശംസിക്കുകയും നവദമ്പതികൾക്ക് ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു.
രണ്ട് ആൺമക്കളും ഒരു മകളും അടങ്ങുന്ന സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്ന ഫ്രാങ്ക വിയോളയും ഭർത്താവ് റൂസിയും ഇന്ന് പേരക്കുട്ടികൾക്കൊപ്പം അൽകാമോ നഗരത്തിൽ ജീവിക്കുന്നു. തന്നെ രക്ഷിക്കാൻ ബലാത്സംഗം ചെയ്തവനെ വിവാഹം കഴിക്കുക എന്ന സാമൂഹിക ഔദാര്യം നിരാകരിച്ച് നിയമത്തിൻ്റെ വഴി തിരഞ്ഞെടുത്ത ഫ്രാങ്ക വിയോള, അനീതിക്ക് മുന്നിൽ തലകുനിക്കാതെ പോരാടുന്ന ഓരോ വനിതയ്ക്കും ഇന്നും ഒരു ജീവിക്കുന്ന ഉദാഹരണമാണ്.
















