തൃശൂരില്‍ ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കം അരങ്ങേറുകയാണ്. അരയും തലയം മുറുക്കി മണിക്കൂറുകളില്‍ വിജയം ഉറപ്പിക്കാന്‍ ജില്ലകള്‍ കടുത്ത മത്സരത്തിലാണ്. പൂരത്തിന് കൊടിയിറങ്ങാറാകുമ്പോള്‍ ഇവിടെ തലസ്ഥാനത്ത് മറ്റൊരു ഉത്സവത്തിന് കൊടിയേറുകയാണ്. അതും കേരളസര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പ് ചേര്‍ത്തു പിടിക്കുന്ന ഭിന്നശേഷിക്കാരുടെ ‘സവിശേഷ’ കാര്‍ണിവല്‍ ഓഫ് ദി ഡിഫറന്റ് എന്ന പേരിലുള്ള മെഗാ ഇവന്റുകള്‍. ഇതില്‍ ഏറ്റവും ആകര്‍ഷകമാകാന്‍ പോകുന്നത് ഫിലിം ഫെസ്റ്റിവലായിരിക്കും. തെരഞ്ഞെടുക്കപ്പെട്ട എട്ടു ഫീച്ചര്‍ ഫിലിമുകളാണ് സ്‌ക്രീന്‍ ചെയ്യാന്‍ പോകുന്നത്. കൈരളി, ശ്രീ തിയറ്ററുകളില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവല്‍, ഭിന്നശേഷിക്കാരുടെ ജീവിതത്തിന്റെ ഭാവതീവ്രമായ അനുഭവങ്ങള്‍ പങ്കിടുന്നവയാണ്.
ഓരോ സിനിമകളും ഓരോ പ്രമേയത്തെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമകള്‍ ആയതുകൊണ്ടു തന്നെ സമൂഹവും പ്രകൃതിയും ഭിന്നശേഷിക്കാരെ എങ്ങനെ ഉപയോഗിക്കുന്നുവെന്നും, അവര്‍ എങ്ങനെയൊക്കെയാണ് പ്രതികരിക്കുന്നതെന്നും മനസ്സിലാക്കാന്‍ കഴിയും. ഒരാള്‍ ഒറ്റയ്ക്കിരുന്ന് സിനിമ ആസ്വദിക്കുന്നതു പോലെയല്ല, നാളെ നടക്കാന്‍ പോകുന്ന ഫിലിം ഫെസ്റ്റിവല്‍. കേരളത്തിലെ എല്ലാ ജില്ലകളിലെയും സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ വരുന്ന ഒരുകൂട്ടം ഭിന്നശേഷിക്കാര്‍ക്കു ഒരുമിച്ചു കൂടാനും, ഒരുമിച്ചിരുന്നു കാണാനും കഴിയുന്ന ഫിലിം ഫെസ്റ്റിവലാണ് ഇതെന്ന പ്രത്യേകതയുണ്ട്. ഇതിന്റെ മാനം മറ്റൊരു തലത്തിലേക്കുയരുകയും ചെയ്യും.
ഞാന്‍ ഒറ്റയ്ക്കല്ല, കൂടെ നില്‍ക്കാന്‍ ഒരുപാടു പേരുണ്ടെന്നുമുള്ള തോന്നലും, ആത്മവിശ്വാസവും ധൈര്യവും ഓരോ ഭിന്നശേഷിക്കാര്‍ക്കും ഉണ്ടാക്കുന്ന ഒന്നു തന്നെയാണ് ഈ സംഗമവും ഫിലിം ഫെസ്റ്റിവലും. നാളെ രാവിലെ 8 മണിക്ക് കൈരളി തിയറ്ററില്‍ സാമൂഹ്യ നീതി വകുപ്പു മന്ത്രി ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ ഡെലിഗേറ്റുകള്‍ക്ക് പ്രത്യേക പാസും കിറ്റും അനുവദിക്കും. ഒരു തിയറ്ററില്‍ നാല് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഡെലിഗേറ്റ്‌സിന് ഇഷ്ടാനുസരണം ഏത് സിനിമ വേണമെങ്കിലും കാണാനും അഴസരമുണ്ട്. ഒരേ തിയറ്റര്‍ കോംപ്ലക്‌സില്‍ തന്നെയാണ് ഫിലംഫെസ്റ്റിവല്‍ നടത്തുന്നതു കൊണ്ട് ഡെലിഗേറ്റ്‌സിന് ഓടി നടക്കേണ്ടതില്ല. ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഓപ്പണ്‍ ഫോറവും ചര്‍ച്ചകളും സംഘടിപ്പിക്കുന്നുണ്ട്.
എട്ടു സിനിമകള്‍
കാര്യമാത്ര പ്രസക്തമായ എട്ടു സിനിമകള്‍ ഭിന്നശേഷി ലോകത്തിന്റെ വിവിധ തലങ്ങളെ വരച്ചിടുന്നുണ്ട്. ഓരോ സിനിമകളും ഓരോ ജീവിതങ്ങളെയും അവരെ സമീപിക്കുന്ന സമൂഹത്തിന്റെയും കഥകളാണ്. സവിശേഷയുടെ ജീവസ്പന്ദനമായിരിക്കും ഈ സിനിമകള്‍ എന്നുറപ്പ്.
- ആദ്യ ചിത്രം പേരന്‍മ്പ്.
- രണ്ടാം ചിത്രം കായ്‌പോള,
- ഇസ്സായ്,
- താഹിറ,
- രണ്ടു മീനുകള്‍,
- കാലം @ 24,
- ദൈവ തിരുമകള്‍,
- ‘ആന്റ് ദി അവാര്‍ഡ് ഗോസ് ടു’
എന്നീ സിനിമകളാണ് സ്‌ക്രീന്‍ ചെയ്യുന്നത്. പ്രധാന സ്റ്റേജ് ടാഗോര്‍ തിയറ്ററാണ്. അവിടെ ഉദ്ഘാടനവും ജോബ് ഫെസ്റ്റ്, ടാലന്റ് ഫെസ്റ്റ്, എക്‌സിബിഷന്‍, ഫുഡ്‌ഫെസ്റ്റിവല്‍, അവാര്‍ഡ് വിതരണം, കലാ-സാംസ്‌ക്കാരിക പരിപാടികളും സമാപന സമ്മേളനവുമാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്. സ്‌പോര്‍ട്‌സ് ഇവന്റുകള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലാണ്. മൂന്നു ദിവസമാണ് സവിശേഷ നടക്കുന്നത്. ബുധനാഴ്ച വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിയുടെ സമാപന സമ്മേളം ഉദ്ഘാടനം ചെയ്യും. ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്യുന്നത് തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയാണ്. സ്‌പോര്‍ട്മീറ്റ് ഉദ്ഘാടനം ചെയ്യുന്നത് കായിക മന്ത്രി വി. അബ്ദുറഹിമാനും.
മൂന്നു പുസ്തകങ്ങള്‍
സവിശേഷയുടെ ഭാഗമായി ടാഗോര്‍ തിയേറ്ററിലെ രണ്ടാം വേദിയില്‍ പുസ്തക പ്രകാശനം നടക്കും. മൂന്നു പുസ്തകങ്ങളാണ് പ്രകാശം ചെയ്യുന്നത്. സാമൂഹ്യനീതി വകുപ്പു മന്ത്രി ആര്‍. ബിന്ദു പുസ്തകങ്ങള്‍ പ്രകാശം ചെയ്യും. സാമൂഹ്യ നീതി സ്‌പെഷ്യല്‍ സെക്രട്ടറി അഥീല അബ്ദുള്ളയാണ് പുസ്തകങ്ങള്‍ ഏറ്റു വാങ്ങുന്നത്.
സി.എച്ച്. മാരിയത്ത് എഴുതിയ ‘കാലം മായ്ച്ച കാല്‍പ്പാടുകള്‍’
ഷാജി തലയോറ എഴുതിയ ‘യാത്രാ വിവരണം’
എസ്. ആഷ്മിന എഴുതിയ ‘ ദൈവത്തിന്റെ കൈപ്പതിപ്പുകള്‍’
അഞ്ചു വിഷയങ്ങള്‍, ഓപ്പണ്‍ ഫോറം
വിഷയ സമ്പുഷ്ടമായ ഓപ്പണ്‍ ഫോറം വേറിട്ട കാഴ്ചപ്പാടുകള്‍ അഴതരിപ്പിക്കപ്പെടുമെന്നതില്‍ തര്‍ക്കമില്ല. വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന ഓപ്പണ്‍ ഫോറം അനുഭവം തന്നെയായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. ഓരോരുത്തരും അവരവരുടെ മേഖലകളില്‍ ഭിന്നശേഷിക്കാരുടെ ഇടവും, സാധ്യതകളും, ഇപ്പോഴുള്ള അവസ്ഥയും ചര്‍ച്ചയില്‍ കൊണ്ടു വരുമെന്നുറപ്പ്. നിലവിലുള്ള സ്ഥിതി മാറ്റിയെടുക്കാന്‍ എന്തു ചെയ്യണമെന്ന പുതിയ കാഴ്ചപ്പാചടുകള്‍ പങ്കുവെയ്ക്കപ്പെടുമ്പോള്‍ കേള്‍വിക്കാര്‍ക്ക് അതൊരു ഊര്‍ജ്ജവുമാകും.
- വിഷയം: ഭിന്നശേഷി പ്രതിനിധാനം (ഭാഷ-കല,സാഹിത്യം)
ഈ വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്, കലാകാരിയും നര്‍ത്തകിയുമായ മേതില്‍ ദേവികയും, എഴുത്തുകാരനും, നാടക നടനും, ഭാരത് ഭവന്‍ മേധാവിയുമായ പ്രമോദ് പയ്യന്നൂരും, കലാകാരന്‍മാരായ എ.എസ്. ജോബിയും, സുല്‍ഫിയും മാനവീയവും, അച്ചുക്കുട്ടനും, കെ.ജി. സൂരജുമാണ്. ഇതിന്റെ മോഡറേറ്റര്‍ പി.എസ്. ശ്രീകലയാണ്.
- വിഷയം: ഭിന്നശേഷി സ്ത്രീ സമൂഹം(അതിജീവനം)
ഡോ. സനിതാ മനോഹര്‍ മോഡറേറ്രറാകുന്ന ഈ ചാര്‍ച്ചയില്‍ ഡോ. മിനി സുകുമാര്‍, ഡോ. വി. ശാരദാ ദേവി, ഷംലാബീഗം, നൂര്‍ജലീല്‍, ഫാത്തിമ അസ്ല, സി.എച്ച് മാരിയത്ത്, ഷംബ്‌ന പൊന്നാട് എന്നിവരാണ് പങ്കെടുക്കുന്നത്.
- വിഷയം: പാട്ടും പറച്ചിലും
ആര്‍.ജെ. സുമി മോഡറേറ്ററാകുന്ന ഈ ചര്‍ച്ചയിലും പാട്ടു കൂട്ടത്തിലും പങ്കെടുക്കുന്നത്, പിന്നണിഗായിക വൈക്കം വിജയലക്ഷ്മി, എസ്. കണ്‍മണി, നിര്‍ഷാദ് നിധി, ഡോ. കൃഷ്ണ ഗോപിനാഥ്, വിഷ്ണുപ്രിയ, അനുവിന്ദ് സുരേന്ദ്രന്‍, ഫാത്തിമ അന്‍ഷി എന്നിവരാണ് പങ്കെടുക്കുന്നത്.
- വിഷയം: ഭിന്നശേഷി സമൂഹം-വികസനവും ഭരണ സംവിധാനവും
ഡോ. അദീല അബ്ദുള്ള മോഡറേറ്ററാകുന്ന ചര്‍ച്ചയില്‍ ശ്രീറാം സാംബശിവറാവു, ഡോ. അരുണ്‍ എസ്. നായര്‍, പ്രോഫ.ഡോ. അനിഷ്യാ ജയദേവ്, ജൂനിയര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് ഡോ. ജാവേദ് അനീസ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. പി.കെ. റഹിമുദ്ദീന്‍ എന്നിവര്‍ പങ്കെടുക്കും.
- വിഷയം: ഭിന്നശേഷി സഹായ ഉപകരണങ്ങള്‍(സാങ്കേതിക വിദ്യയും സാധ്യതകള്‍)
നപ്മര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.അബ്ബാസ് അലി മോഡറേറ്റര്‍ ആകുന്ന ചര്‍ച്ചയില്‍ രോഹിത് ഫിലിപ്പ്, ഗിരീഷ് കീര്‍ത്തി, ഷാജു വി. ചെറിയാന്‍, എസ്. സൂരജ്, സുധീര്‍ ശക്തന്‍ എന്നിവര്‍ പങ്കെടുക്കും.
കായികമേള
ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ 20ന് നടക്കുന്ന കായിക മേളയില്‍ എട്ടു മണിക്ക് രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍, മേളയുടെ ഉദ്ഘാടനം. ശേഷം കായിക ഇനങ്ങള്‍ നടത്തും. ഓരോ ഇനങ്ങള്‍ തീരുന്നതിനനുസരിച്ചായിരിക്കും അടുത്ത ഇനങ്ങള്‍ നടത്തുകയെന്ന് സംഘാടകര്‍. ഇതിനെല്ലാം ഒടുവില്‍ 21ന് സമാപന സമ്മേളനം. കൊടിയിറക്കവും സമ്മാനദാന വിതരണവും മുഖ്യമന്ത്രി നടത്തുന്നത്.
CONTENT HIGH LIGHTS; Not alone, but with you: Tomorrow the capital will wake up to forget its differences and become one: For the ‘Special Carnival of the Different’ festival; Highlight Film Festival itself
















