തെക്കൻ ഗാസയിലെ റഫായിലുള്ള തുരങ്കങ്ങളിൽ കുടുങ്ങിക്കിടന്ന 40 ഹമാസ് അംഗങ്ങളെ വധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഹമാസിൻ്റെ മൂന്ന് പ്രാദേശിക കമാൻഡർമാരും, ഹമാസിൻ്റെ പ്രവാസി നേതാക്കളിലൊരാളായ ഗാസി ഹമാദിൻ്റെ മകനും ഉൾപ്പെടുന്നു. ഇസ്രയേൽ നിയന്ത്രണത്തിലുള്ള റഫാ മേഖലയിലെ തുരങ്കങ്ങളായിരുന്നു ആക്രമണത്തിന് ലക്ഷ്യമിട്ടത്.
എന്നാൽ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാൻ ഹമാസ് വക്താവ് വിസമ്മതിച്ചു. തുരങ്കങ്ങളിൽ എത്രപേർ കുടുങ്ങിയെന്നോ ഇനി എത്രപേർ അവശേഷിക്കുന്നുണ്ടെന്നോ ഹമാസ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
ഇരുനൂറിലേറെ ഹമാസ് അംഗങ്ങൾ മാസങ്ങളായി റഫായിലുള്ള തുരങ്കങ്ങളിലുണ്ടെന്ന് ഇസ്രയേൽ, യുഎസ് അധികൃതരെ ഉദ്ധരിച്ച് നേരത്തെ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. പുറത്തിറങ്ങിയ ഹമാസ് അംഗങ്ങളിൽ ചിലർ പിന്നീട് ഇസ്രയേൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയോ കീഴടങ്ങുകയോ ചെയ്‌തെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
















