പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതിൽ വന്ന വീഴ്ചയെ തുടർന്ന് ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കുന്നത് തുടരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ, ഇന്നലെ മാത്രം 550-ഓളം സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ഡിസംബർ 8 മുതൽ സർവീസുകൾ കൂടുതൽ വെട്ടിക്കുറയ്ക്കുമെന്ന് ഇൻഡിഗോ അറിയിച്ചിട്ടുണ്ട്.
സർവീസ് പൂർണ തോതിൽ സാധാരണ നിലയിലാകാൻ 2026 ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്നാണ് ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചിട്ടുള്ളത്. പൈലറ്റുമാരുടെ ഡ്യൂട്ടി ക്രമീകരിക്കുന്നതിലുണ്ടായ പ്രശ്നങ്ങളാണ് ഇൻഡിഗോയ്ക്ക് വിനയായത്.
പുതിയ ചട്ടങ്ങളിൽ ഇൻഡിഗോയ്ക്ക് തൽക്കാലത്തേക്ക് ഇളവ് അനുവദിക്കാൻ ഡിജിസിഎ തീരുമാനിച്ചു. പ്രതിസന്ധി നേരിടാൻ കഴിയാത്തതിൽ ഇൻഡിഗോയെ കേന്ദ്ര വ്യോമയാനമന്ത്രി അതൃപ്തി അറിയിച്ചിരുന്നു.
നിലവിലെ അവസ്ഥ, വിമാന നിരക്കുകൾ കൂടാൻ കാരണമാകരുതെന്നും നിർദേശമുണ്ട്. സർവീസുകൾ നിരീക്ഷിക്കാൻ ഡിജിസിഎയ്ക്കും നിർദേശം നൽകിയിട്ടുണ്ട്.
















