ഡിറ്റ്‍വ ചുഴലിക്കാറ്റിനെത്തുടർന്ന് കനത്ത നാശനഷ്ടമുണ്ടായ ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. പ്രളയത്തിൽ തകർന്നടിഞ്ഞ ഗതാഗതസംവിധാനം പുനഃസ്ഥാപിക്കാനായി ബെയ്‌ലി പാലം നിർമിക്കാനുള്ള സംവിധാനവും, കുടിവെള്ള ലഭ്യത ഉറപ്പുവരുത്താൻ 500 ജലശുദ്ധീകരണ യൂണിറ്റുകളും ഇന്ത്യ ശ്രീലങ്കയിൽ എത്തിച്ചു. ഇന്ത്യൻ വ്യോമസേനയുടെ സി-17 ഗ്ലോബർമാസ്റ്റർ വിമാനത്തിലാണ് ഈ സഹായമെല്ലാം ബുധനാഴ്ച കൊളംബോയിൽ എത്തിച്ചതെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം അറിയിച്ചു.
താത്കാലിക പാലം നിർമിക്കാനുള്ള എൻജിനിയർമാരും ദുരിതബാധിതരെ ചികിത്സിക്കാനായി ഡോക്ടർമാരും ഉൾപ്പെടെ 22 അംഗ വിദഗ്ദ്ധസംഘവും ഈ ദൗത്യത്തിൽ ശ്രീലങ്കയിൽ എത്തിയിട്ടുണ്ട്. മുൻകൂട്ടി നിർമിച്ച ഘടകങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ കൂട്ടിയോജിപ്പിക്കാനും ആവശ്യം കഴിയുമ്പോൾ എടുത്തുമാറ്റാനും സാധിക്കുന്ന താൽക്കാലിക പാലമാണ് ബെയ്‌ലി. പ്രളയത്തിൽ തകർന്ന പാലങ്ങൾക്ക് പകരമായി ബെയ്‌ലി പാലങ്ങൾ സ്ഥാപിക്കുന്നതിലൂടെ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്ക് കൂടുതൽ വേഗത്തിൽ ദുരിതാശ്വാസ സഹായം എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞയാഴ്ചയുണ്ടായ ഡിറ്റ്‍വ ചുഴലിക്കാറ്റ് സൃഷ്ടിച്ച പ്രളയം ശ്രീലങ്കയിൽ വലിയ നാശമാണ് വിതച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പ്രളയത്തിൽ ഇതുവരെ 479 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 350 പേരെ ഇപ്പോഴും കാണാതായിട്ടുണ്ട്. രാജ്യത്തെ പല ജില്ലകളും ഇപ്പോഴും പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട നിലയിലാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ അടിയന്തര സഹായം ഏറെ ആശ്വാസകരമാകുന്നത്.
















