തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘അഖണ്ഡ 2: താണ്ഡവം’ റിലീസ് മാറ്റിവെച്ചു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു അഖണ്ഡ 2. സാങ്കേതിക കാരണങ്ങളാല്‍ ഒഴിവാക്കിയെന്നായിരുന്നു വിശദീകരണം.
‘ഒഴിവാക്കാനാവാത്ത സാഹചര്യങ്ങള്‍’ മൂലം വെള്ളിയാഴ്ചത്തെ റിലീസ് മാറ്റിവെക്കുന്നുവെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചത്. വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന പ്രീമിയര്‍ ഷോയും മാറ്റിവെച്ചിരുന്നു. വ്യാഴാഴ്ച വൈകീട്ട് പ്രീമിയര്‍ റദ്ദാക്കിയ വിവരമാണ് ആദ്യം നിര്‍മാതാക്കള്‍ അറിയിച്ചത്.
‘ഞങ്ങള്‍ പരമാവധി ശ്രമിച്ചു, എന്നാല്‍ ചിലകാര്യങ്ങള്‍ ഞങ്ങളുടെ നിയന്ത്രണങ്ങള്‍ക്കുമപ്പുറമായിരുന്നു. അസൗകര്യത്തില്‍ ഖേദിക്കുന്നു’, 14 റീല്‍സ് പ്ലസ് സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു. ഓവര്‍സീസ് പ്രീമിയര്‍ നേരത്തേ തീരുമാനിച്ചതുപോലെ നടക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.
പിന്നാലെ, വ്യാഴാഴ്ച രാത്രി 11.40-ഓടെയാണ് റിലീസ് മാറ്റിവെച്ച വിവരം പ്രഖ്യാപിച്ചത്. ‘അനിവാര്യമായ ചില കാരണങ്ങളാല്‍ ‘അഖണ്ഡ 2′ നേരത്തെ തീരുമാനിച്ച സമയത്ത് റിലീസ് ചെയ്യാന്‍ കഴിയില്ലെന്ന് ഹൃദയഭാരത്തോടെ അറിയിക്കുന്നു. ഇത് വേദനാജനകമാണ്. ചിത്രത്തിനായി കാത്തിരിക്കുന്ന ഓരോ ആരാധകനും സിനിമാ പ്രേമികള്‍ക്കും ഇതുണ്ടാക്കുന്ന നിരാശ ഞങ്ങള്‍ മനസിലാക്കുന്നു’, നിര്‍മാണക്കമ്പനി കുറിച്ചു.
നേരത്തേ, ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് മറ്റൊരു നിര്‍മാണക്കമ്പനിയായ ഇറോസ് ഇന്റര്‍നാഷണല്‍ മീഡിയ ലിമിറ്റഡ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ‘അഖണ്ഡ 2’ നിര്‍മാതാക്കളായ 14 റീല്‍സ് പ്ലസ് എന്റര്‍ടെയ്ന്‍മെന്റും ഇറോസ് ഇന്റര്‍നാഷണലും ഏറെക്കാലമായി നിയമയുദ്ധത്തിലാണ്. ഇറോസിന് 28 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചിരുന്നു. ഇത് പാലിക്കാത്തത് ചൂണ്ടിക്കാണിച്ചാണ് ഇറോസ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് ജസ്റ്റിസുമാരായ എസ്.എം. സുബ്രഹ്‌മണ്യന്‍, സി. കുമരപ്പന്‍ എന്നിവരടങ്ങിയ ബെഞ്ച് ‘അഖണ്ഡ 2’ റിലീസ് തടഞ്ഞ് ഉത്തരവിറക്കിയത്.
















