ശബരിമലയിൽ തീർഥാടകരുടെ തിരക്ക് തുടരുന്നു. ശബരിമലയിൽ പ്രതിദിനം 80,000ത്തിനു മുകളിൽ ഭക്തരാണ് ദർശനത്തിന് എത്തുന്നത്. ഇന്നലെ 84,872 പേർ മല ചവിട്ടി. വൈകിട്ട് അഞ്ചുമണിവരെ 60,000 മുകളിൽ ഭക്തർ സന്നിധാനത്ത് എത്തി. ഇന്നും നാളെയും സന്നിധാനത്ത് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.ഡിസംബർ 5 നും 6 നും രാത്രി 11 മണിക്ക് നട അടച്ചു കഴിഞ്ഞാൽ ഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കില്ല. നട അടച്ച ശേഷം തിരുമുറ്റവും പരിസരവും കേരളാ പോലീസിൻ്റെ ആന്റി സബോട്ടേജ് ടീം പരിശോധനയ്ക്ക് വിധേയമാക്കും. പൊലീസിന് പുറമേ എൻഡിആർഎഫിന്റെയും ആർഎഎഫിന്റെയും പ്രത്യേകസംഘം നിരീക്ഷണത്തിനുണ്ട്. തിരിച്ചറിയൽ കാർഡോ രേഖകളോ ഇല്ലാത്ത ആരെയും സ്റ്റാഫ് ഗേറ്റ് ഉൾപ്പെടെയുള്ള മറ്റ് കവാടങ്ങളിലൂടെ കടത്തിവിടുന്നതല്ല.
സന്നിധാനത്തേക്കുള്ള ട്രാക്ടറുകളുടെ നീക്കം രണ്ട് ദിവസത്തേക്ക് നിയന്ത്രിച്ചിട്ടുണ്ട്. ട്രാക്ടറുകളിൽ കൊണ്ടുവരുന്ന സാധനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. സന്നിധാനത്തെയും പമ്പയിലെയും തിരക്ക് പരിഗണിച്ചാകും നിലയ്ക്കലിൽ കൂടുതൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കുക. അതിനിടെ, ശബരിമലയിൽ ഉച്ചഭക്ഷണമായി കേരള സദ്യ നൽകാൻ തീരുമാനമായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. ഒന്നിടവിട്ട ദിവസങ്ങളിലാകും സദ്യ നൽകുക.
STORY HIGHLIGHT: Pilgrims continue to throng Sabarimala
















