കൊട്ടിയത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്നതിനെ തുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ കൊല്ലം സിറ്റി ജില്ലാ പൊലീസ് മേധാവി ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കൊട്ടിയം ടൗണിലും ദേശീയപാതയിലും വാഹനഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് ഒഴിവാക്കാനാണ് പുതിയ ക്രമീകരണങ്ങൾ.
തിരുവന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തീരദേശം റോഡ് – പാരിപ്പളളി-പരവൂർ – പൊഴിക്കര വഴി കൊല്ലത്തേക്ക് യാത്ര തുടരാവുന്നതാണ്. പൊതുജനങ്ങൾ ഗതാഗത ക്രമീകരണങ്ങളോട് സഹകരിക്കണമെന്നും പൊലീസ് അറിയിച്ചു.
ആലപ്പുഴ ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ട്രെയിലറുകൾ, ടാങ്കർ ലോറികൾ, കണ്ടെയിനറുകൾ മുതലായ ഹെവി വാഹനങ്ങളും മറ്റ് ഗുഡ്‌സ് വാഹനങ്ങളും ചവറ കെഎംഎംഎൽ ജംക്‌ഷനിൽ നിന്ന് തിരിഞ്ഞ് ഭരണിക്കാവ്-കൊട്ടാരക്കര വഴി എംസി റോഡിൽ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്.
തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന മറ്റു വാഹനങ്ങൾ ചവറ – ആൽത്തറമൂട് കടവൂർ – കല്ലുംതാഴം അയത്തിൽ കണ്ണനല്ലൂർ വഴി മൈലക്കാട് എത്തി ദേശീയപാതയിൽ പ്രവേശിച്ച് യാത്ര തുടരാവുന്നതും അല്ലെങ്കിൽ കണ്ണനല്ലൂർ-മിയന്നൂർ-കട്ടച്ചൽ വഴി ചാത്തന്നൂർ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങൾ അയത്തിൽ കണ്ണുനലൂർ-കട്ടച്ചൽ – ചാത്തന്നൂർ വഴി ദേശീയപാതയിൽ പ്രവേശിച്ച് യാത്ര തുടരാവുന്നതാണ്.
















