രാജ്യത്ത് ഇൻഡിഗോ വിമാന സർവീസുകളിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. ഇന്നും നാളെയുമായി പ്രധാന ദീർഘദൂര റൂട്ടുകളിൽ 6 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് സെൻട്രൽ റെയിൽവേ അറിയിച്ചു. കൂടാതെ, 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും വിന്യസിച്ചിട്ടുണ്ട്.
ഇന്നും രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്കുള്ള ആയിരത്തോളം സർവീസുകൾ മുടങ്ങുമെന്നാണ് ഇൻഡിഗോയുടെ അറിയിപ്പ്. ഡൽഹി, ചെന്നൈ, ജമ്മു കശ്മീർ വിമാനത്താവളങ്ങളിൽ ഇന്ന് അർദ്ധരാത്രി വരെയുള്ള നിരവധി സർവീസുകൾ റദ്ദാക്കി.
തിരുവനന്തപുരത്തുനിന്നും ഇൻഡിഗോയുടെ 5 വിമാനങ്ങൾ റദ്ദാക്കി. ഡൽഹി ,ചെന്നൈ, ഹൈദരാബാദ്, മുംബൈ, ബാംഗ്ലൂർ വിമാനങ്ങളാണ് റദ്ദാക്കിയത്. പുലർച്ചെ ഒരു മണിക്ക് പോകേണ്ടിയിരുന്ന ഷാർജ വിമാനം വൈകിയാണ് പുറപ്പെട്ടത്. കണ്ണൂരിൽ നിന്ന് 6:05 ന് പുറപ്പെടേണ്ട ഡൽഹി വിമാനം റദ്ധാക്കി. ബാക്കി 4 ഇൻഡിഗോ വിമാനങ്ങൾ ഇന്ന് ആണ് കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ടത്.
ഡിസംബർ 10-നും 15-നും ഇടയിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമെന്നാണ് ഇൻഡിഗോ അധികൃതരുടെ പ്രതീക്ഷ.
















