മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളിൽ ഡൽഹി ഇന്നും സംഘർഷഭരിതം. തെരുവിലിറങ്ങിയ ഇടത് യുവജന സംഘടനാ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചു നീക്കി.
കൊണാട്ട് പ്ലേസിൽ എസ്.എഫ്.ഐ, ഡിവൈഎഫ്.ഐ, എ.ഐ.എസ്.എഫ് സംഘടനകൾ നടത്തിയ പ്രതിഷേധത്തിനിടെ പ്രവർത്തകരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. സമരത്തിനിടെ എസ്.എഫ്.ഐ ദേശീയ അധ്യക്ഷൻ ആദർശ് എം. സജിക്ക് പരിക്കേറ്റു. അദ്ദേഹത്തിന്റെ നെറ്റി പൊട്ടിയിട്ടുണ്ട്.
ഡിവൈഎഫ്.ഐ നേതാവ് ജെയ്ക് സി. തോമസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടയിൽ ജോൺ ബ്രിട്ടാസ് എം.പിയെയും പൊലീസ് ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റി കസ്റ്റഡിയിലെടുത്തു. പൊലീസ് ക്രൂരമായി മര്‍ദിച്ച് റോഡില്‍ തള്ളിയെന്ന് എംപി പറഞ്ഞു. എംപിയാണെന്ന് അറിഞ്ഞിട്ടും മര്‍ദനം തുടര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഒക്ടോബർ 12 മുതൽ വീണ്ടും ശക്തമാക്കാൻ ഇന്ത്യാ സഖ്യം തീരുമാനിച്ചു. സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തി നിവേദനം നൽകാനാണ് ആലോചന. കോക്രോച്ച് ജനതാ പാർട്ടി സമരരംഗത്ത് സജീവമായതോടെ പ്രതിപക്ഷ നിരയിൽ മേൽക്കോയ്മ നിലനിർത്താനാണ് പ്രധാന കക്ഷികളുടെ നീക്കം.
സി.ജെ.പിയുടെ സമരത്തോട് തുടക്കത്തിൽ കോൺഗ്രസ് അകലം പാലിച്ചിരുന്നെങ്കിലും, സി.ജെ.പിക്കും ഇന്ത്യാ സഖ്യത്തിനുമൊപ്പം ഒരുപോലെ നിലകൊള്ളുമെന്ന തന്ത്രപരമായ നിലപാടാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളും മുൻ മുഖ്യമന്ത്രിമാരെ രംഗത്തിറക്കി പിന്തുണ അറിയിച്ചിട്ടുണ്ട്.















