നാഷണൽ ഹെറാൾഡ് കേസിൻ്റെ അന്വേഷണത്തിൻ്റെ ഭാഗമായി സാമ്പത്തിക വിശദാംശങ്ങൾ ആവശ്യപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിന് ഡൽഹി പൊലീസ് നോട്ടിസ് അയച്ചു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഒക്ടോബർ 3-ന് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഡൽഹി പൊലീസിൻ്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നോട്ടിസ് നൽകിയത്.
കേസിൽ ശിവകുമാറിൻ്റെ പക്കൽ സുപ്രധാന വിവരങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് കരുതുന്നു. നവംബർ 29-ന് അയച്ച നോട്ടിസ് പ്രകാരം, ഡിസംബർ 19-ന് മുൻപ് ഹാജരാകാനോ ആവശ്യപ്പെട്ട രേഖകൾ കൈമാറാനോ ആണ് നിർദേശം. ശിവകുമാറിൻ്റെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ, ഫണ്ടുകളുടെ ഉറവിടം, ആദായനികുതി രേഖകൾ എന്നിവ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹമോ ബന്ധപ്പെട്ട സ്ഥാപനങ്ങളോ ‘യങ് ഇന്ത്യ’യിലേക്ക് കൈമാറിയതായി ആരോപിക്കപ്പെടുന്ന ഫണ്ടുകളുടെ പൂർണ്ണ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.
















