”മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളായിരുന്നു മോനിഷ. സൗന്ദര്യം, അഭിനയമികവ്, തിളക്കം… എല്ലാം കൊണ്ടും ഏതൊരാളും ഇഷ്ടപ്പെട്ടുപോകുന്ന വ്യക്തിത്വം. 1992 കാലഘട്ടത്തിൽ വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന ആ മുഖം അന്നത്തെ ഓരോ മലയാളിയുടെയും ഇഷ്ട്ട നടിയായിരുന്നു. വലിയ ഉയരങ്ങൾ കീഴടക്കാനുണ്ടായിരുന്നിട്ടും, വെറും 21-ാം വയസ്സിൽ അവൾ ഈ ലോകത്തോട് വിട പറഞ്ഞു. മോനിഷയെ സ്നേഹിച്ച എല്ലാവരെയും കണ്ണീരിലാഴ്ത്തിക്കൊണ്ടായിരുന്നു ആ അപ്രതീക്ഷിത വിടവാങ്ങൽ.”
മലയാളത്തിൻ്റെ പ്രിയ നായിക മോനിഷയെ വിധി തട്ടിയെടുത്ത ആ ദുരന്തത്തിന് മൂന്ന് പതിറ്റാണ്ട് തികയുന്നു. 1992 ഡിസംബർ 5-ന്, മഞ്ഞണിഞ്ഞ പ്രഭാതത്തിൽ, ചേർത്തലയിലെ റോഡിൽ സംഭവിച്ച ആ കാറപകടം കേരളക്കരയെ ഒന്നാകെ കണ്ണീരിലാഴ്ത്തി. വെറും 21 വയസ്സിൽ, ദേശീയ പുരസ്‌കാരത്തിൻ്റെ തിളക്കവുമായി നിൽക്കെ, വെള്ളിത്തിരയിലെ ആ പുഞ്ചിരി എന്നെന്നേക്കുമായി മാഞ്ഞുപോയി.
സമയം രാവിലെ 6:15. തിരുവനന്തപുരത്തുനിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് പോകാൻ ഒരു അംബാസഡർ കാറിലായിരുന്നു മോനിഷ യാത്ര തിരിച്ചത്. ജി.എസ്. വിജയൻ്റെ ‘ചെപ്പടിവിദ്യ’യുടെ ലൊക്കേഷനിൽ നിന്ന് ഒരു നൃത്ത റിഹേഴ്സലിനായി ബാംഗ്ലൂരിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. കാറിൻ്റെ പിൻസീറ്റിൽ ക്ഷീണത്താൽ മോനിഷ ഗാഢനിദ്രയിലായിരുന്നു. മുൻസീറ്റിൽ, ഡ്രൈവർ ഉറങ്ങാതിരിക്കാൻ കഥകളും വിശേഷങ്ങളും പറഞ്ഞ് അമ്മ ശ്രീദേവി ഉണ്ണി കൂട്ടിരുന്നു. റോഡ് ശാന്തമായിരുന്നു, തിരക്കില്ലായിരുന്നു. എല്ലാം പെട്ടന്നായിരുന്നു.
ചേർത്തലയിലെ എക്സ്-റേ കവല എത്താറായപ്പോൾ എതിരെ വന്ന കെ.എസ്.ആർ.ടി.സി ബസിൻ്റെ ഹെഡ്ലൈറ്റ് വെളിച്ചം കണ്ണിലേക്ക് അടിച്ചുകയറിയതല്ലാതെ അമ്മ ശ്രീദേവിക്ക് മറ്റൊന്നും ഓർമ്മയില്ല. പിന്നെ കേട്ടത് ആ പ്രദേശത്തെ നടുക്കിയ വലിയ ശബ്ദമാണ്. ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറിഞ്ഞു. ഡോർ തുറന്ന് അമ്മ പുറത്തേക്ക് തെറിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാർ തകർന്ന കാറിൽ നിന്നും ചോരയിൽ കുളിച്ചവരെ പുറത്തെടുത്തപ്പോഴാണ് ആ മുഖം തിരിച്ചറിഞ്ഞത് – അത് മോനിഷയായിരുന്നു.
ഉറക്കത്തിലായിരുന്ന ആ പെൺകുട്ടി പിന്നെ ഉണർന്നില്ല. വേദന അറിയാതെ, എന്താണ് സംഭവിച്ചതെന്ന് പോലും അറിയാതെ, അവൾ ലോകത്തോട് വിടചൊല്ലി. കൂടെ ഡ്രൈവറും ബന്ധുവുമായി രണ്ട് ജീവനുകൾ കൂടി ആ ദുരന്തത്തിൽ പൊലിഞ്ഞു. അത്ഭുതകരമായി അമ്മ മാത്രം ആ ദുരന്തം അതിജീവിച്ചു, മകളുടെ വേർപാടിൻ്റെ നോവുമായി ജീവിക്കാൻ.
വെറും ആറ് വർഷത്തെ അഭിനയജീവിതം കൊണ്ട് 25 സിനിമകളാണ് മോനിഷ പൂർത്തിയാക്കിയത്. ഒമ്പതാം വയസ്സിൽ നർത്തകിയായി അരങ്ങേറ്റം കുറിച്ച ഈ പ്രതിഭയ്ക്ക് 15-ാം വയസ്സിൽ ‘നഖക്ഷതങ്ങളിലെ’ ഗൗരി എന്ന കഥാപാത്രത്തിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം തേടിയെത്തി. എം.ടി. വാസുദേവൻ നായർ മലയാളത്തിന് സമ്മാനിച്ച ഈ കലാകാരി, ബാംഗ്ലൂർ മൗണ്ട് കാർമൽ കോളേജിലെ ബിരുദധാരിയും കർണാടക സർക്കാരിൻ്റെ കൗശിക അവാർഡ് ജേതാവുമായിരുന്നു. സിനിമയിലും നൃത്തത്തിലും ഒരുപാട് സ്വപ്‌നങ്ങൾ ബാക്കിവെച്ചാണ് അവൾ വിടവാങ്ങിയത്.
”കാറപകടത്തിൽ നടി മോനിഷ മരിച്ചു” എന്ന വാർത്ത അന്ന് കേരളത്തെ അക്ഷരാർത്ഥത്തിൽ മരവിപ്പിച്ചു. ആ ദുരന്തം നടന്ന എക്സ്-റേ കവല ഇന്ന് ‘മോനിഷ കവല’ എന്ന് അറിയപ്പെടുന്നു. മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും മലയാളികളുടെ മനസ്സിൽ മോനിഷയ്ക്ക് 21 വയസ്സാണ്. മഞ്ഞൾ പ്രസാദവും കുറുമ്പും നിഷ്കളങ്കതയും നിറഞ്ഞ ചിരിയുമായി മലയാളികളുടെ ഓർമ്മകളിൽ ഇന്നും അവൾ ജീവിക്കുന്നു.
















