തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ തേടി സര്‍ക്കാര്‍ റെയ്ഡ് നടത്തില്ലെന്ന ആത്മവിശ്വാസത്തിലാണ് കെ മുരളീധരന്‍ സംസാരിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി. എഐസിസി ആസ്ഥാനത്തും കെപിസിസി ആസ്ഥാനത്തും റെയ്ഡ് നടത്തുന്നത് കേരള സര്‍ക്കാരിന്റെ സംസ്‌കാരം അല്ലെന്നും എല്‍ഡിഎഫ് റെയ്ഡ് നടത്തില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
രാഹുലിന്റെ കൂട്ടുകച്ചവടക്കാര്‍ ഉടന്‍ പിടിയിലാകുമെന്നും രാഹുല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയാല്‍ പലരും ഒളിവില്‍ പോകേണ്ടിവരുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിടികൂടാന്‍ കഴിയാത്തത് വീഴ്ച്ചയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാഷ്ട്രീയ പാപ്പരത്തമാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ‘വിഡ്ഢിത്തവും അബദ്ധവും പറയുന്നതില്‍ അദ്ദേഹം കുറച്ചൊന്ന് ശ്രദ്ധിച്ചാല്‍ മതിയാകും. 101 വാര്‍ഡുകള്‍ എവിടെയാണെന്ന് പോലും രാജീവിന് അറിയില്ല. അദ്ദേഹം നേമം മണ്ഡലത്തിലെ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥിയാണ്.
എത്ര നാണക്കേടാണ്. ഒരു ബന്ധവും ഇല്ലാത്ത ആളുകളുടെ വീടുകളില്‍ പോയി അഭിനയിക്കുകയാണ്. നേമം മണ്ഡലം ആണെന്ന് കരുതി ചില പഞ്ചായത്തുകളിലും പോകുന്നുണ്ട്. രാജീവ് ബിജെപിയുടെ തെരഞ്ഞെടുത്ത അധ്യക്ഷനല്ല, കെട്ടിയിറക്കപ്പെട്ടയാളാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് 75 സീറ്റുകള്‍ ലഭിക്കും. ബിജെപിയുടെ പകുതി സീറ്റുകള്‍ നഷ്ടപ്പെടും. തിരുവനന്തപുരത്തെ ജനങ്ങള്‍ നല്ലവരാണ്’: വി ശിവന്‍കുട്ടി പറഞ്ഞു.
















