ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്ക് എതിരെയുള്ള കേസുകളില്‍ എന്തു നടപടി എടുത്തു എന്ന നിയമസഭാ ചോദ്യത്തിന് മൂന്ന് മാസമായിട്ടും മറുപടി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറി എ പി അനില്‍കുമാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത കേസുകളുടെ വിശദാംശങ്ങളാണ് നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായി എ പി അനില്‍കുമാര്‍ ആവശ്യപ്പെട്ടത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പുറത്തു വരുന്നത് സര്‍ക്കാരിനെ വെട്ടിലാക്കുമെന്ന ആശങ്കയുള്ളതുകൊണ്ടാണ് മറുപടി നല്‍കാത്തതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് 2018 മുതല്‍ നടന്ന പ്രക്ഷോഭങ്ങളില്‍ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ആറായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളാക്കപ്പെട്ടവരുടെ എണ്ണം 12,912. ശബരിമല പ്രക്ഷോഭകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ഇടതു മുന്നണിയും മുഖ്യമന്ത്രിയും വാഗ്ദാനം നല്‍കിയിരുന്നു.
STORY HIGHLIGHT : congress-leader-criticizes-government-delay-on-sabarimala-women-entry-cases
















