ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടെന്ന നേട്ടം സ്വന്തമാക്കി യു.എ.ഇ. 2026ലെ പാസ്പോർട്ട് സൂചികയിലാണ് ഇമാറാത്തി പാസ്പോർട്ട് ഒന്നാം സ്ഥാനത്തെത്തിയത്. മുൻകൂട്ടി പരമ്പരാഗത വിസ നേടാതെ 182 ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാൻ യു.എ.ഇ പൗരന്മാർക്ക് സാധിക്കും.
175 രാജ്യങ്ങളിലേക്ക് മുൻകൂർ വിസ രഹിത യാത്രാ സൗകര്യവുമായി സിംഗപ്പൂരും മലേഷ്യയുമാണ് രണ്ടാം സ്ഥാനത്ത്. സ്പെയിനാണ് മൂന്നാം സ്ഥാനത്ത്. ആഗോളതലത്തിൽ യുഎഇക്കുള്ള സ്വീകാര്യതയും രാജ്യത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങളിലുള്ള വിശ്വാസവും പ്രതിഫലിപ്പിക്കുന്നതാണ് ഈ നേട്ടം.
പാസ്പോർട്ട് സൂചികയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുഎഇ പാസ്പോർട്ടിന്റെ മൊബിലിറ്റി സ്കോർ 182 ആണ്. ഇതിൽ 138 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. മറ്റ് 44 ലക്ഷ്യസ്ഥാനങ്ങളിൽ പ്രവേശനത്തിനായി ലളിതമായ നടപടിക്രമങ്ങളാണ് നിലവിലുള്ളത്. ഈ വിഭാഗങ്ങളിൽ ഉൾപ്പെടാത്ത 16 രാജ്യങ്ങൾ കൂടിയുണ്ട്.
ബെൽജിയം, ലക്സംബർഗ്, ഫ്രാൻസ്, ഡെൻമാർക്ക്, ജർമനി, സ്വീഡൻ, നെതർലൻഡ്സ്, ഫിൻലൻഡ്, ഇറ്റലി, സ്വിറ്റ്സർലൻഡ്, ഗ്രീസ്, പോർച്ചുഗൽ, ഓസ്ട്രിയ, ക്രൊയേഷ്യ, നോർവേ, അയർലൻഡ്, ജപ്പാൻ എന്നിങ്ങനെ 17 രാജ്യങ്ങളാണ് പാസ്പോർട്ട് സൂചികയിൽ നാലാം സ്ഥാനത്തുള്ളത്. ബ്രിട്ടൻ ഏഴും അമേരിക്ക പത്തും സ്ഥാനത്താണുള്ളത്.















