വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദ് ചെയ്തതില്‍ ഇന്‍ഡിഗോ വിമാനക്കമ്പനിക്ക് വ്യോമയാന മന്ത്രാലയത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഇന്‍ഡിഗോ സിഇഒക്കാണ് നോട്ടീസ് അയച്ചത്. ഇന്ന് വ്യോമയാന മന്ത്രാലയം വിളിച്ച യോഗത്തിന് പിന്നാലെയാണ് നോട്ടീസ്. അതേസമയം, ഇന്‍ഡിഗോ വിമാന പ്രതിസന്ധിയെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള 20-ലേറെ സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. നിരവധി വിമാനങ്ങള്‍ വൈകുന്നത് ശബരിമല തീര്‍ത്ഥാടകരേയും വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ടവരെയുമെല്ലാം വലച്ചു.
ബെംഗളൂരു, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ അടക്കം പ്രധാന വിമാനത്താവളങ്ങളില്‍ ഉള്‍പ്പടെ ആയിരത്തോളം സര്‍വീസുകളാണ് റദ്ദാക്കിയത്.
ഇത് മുതലെടുത്ത് എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ഡല്‍ഹി – തിരുവനന്തപുരം യാത്രയ്ക്ക് 80000 രൂപ വരെയും, ഡല്‍ഹി – കൊച്ചി യാത്രക്ക് 70000 വരെയും ഈടാക്കിയിരുന്നു. കാര്യങ്ങള്‍ കൈവിട്ടതോടെ, വ്യോമയാന മന്ത്രാലയം പ്രശ്‌നത്തില്‍ ഇടപെട്ടു. വിലവര്‍ദ്ധനവ് നിയന്ത്രിക്കാന്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തി.
500 കിലോമീറ്റര്‍ വരെ പരമാവധി 7500 രൂപയാണ് ഇനി കമ്പനികള്‍ക്ക് ഈടാക്കാനാകുക. 500-1000കിലോമീറ്റര്‍ ദൂരത്തിനു 12000, 1000- 1500 കിലോമീറ്ററിന് 15000, 1500ന് മുകളില്‍ പരമാവധി 18000 രൂപ എന്നിങ്ങനെയാണ് പുതിയ പരിധി. ബിസിനസ് ക്ലാസിന് പരിധി ബാധകമല്ല. കൂടാതെ, റദ്ദാക്കിയ വിമാനങ്ങളിലെ എല്ലാ യാത്രക്കാര്‍ക്കുമുള്ള റീഫണ്ട് നാളെ രാത്രി 8 മണിക്ക് മുന്‍പ് മടക്കി നല്‍കാനും ഇന്‍ഡിഗോക്ക് നിര്‍ദേശം നല്‍കി.
Story Highlights : Aviation body issues notice to IndiGo CEO
















