കൊല്ലം കൊട്ടിയത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത തകരുകയും സർവീസ് റോഡ് വിണ്ടുകീറുകയും ചെയ്ത സംഭവത്തിൽ വിദഗ്ധ സമിതി റിപ്പോർട്ട് ഉടൻ സമർപ്പിക്കും. കാണ്‍പൂര്‍ ഐഐടിയില്‍ നിന്നുള്ള ഡോ. ജിമ്മി തോമസിന്റെയും പാലക്കാട് ഐഐടിയിലെ ഡോ. ടി കെ സുധീഷിന്റെയും നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഇന്നലെ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയത്.
വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി സ്വീകരിക്കുക. ചുമതലുണ്ടായിരുന്ന ദേശീയപാത അതോറിറ്റി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോയെന്നും പരിശോധിക്കും.
തകർന്ന സർവീസ് റോഡിന്റെ പുനർനിർമ്മാണം ഉടൻ പൂർത്തിയാക്കി ഗതാഗതം സാധാരണ നിലയിലാക്കുമെന്നാണ് എൻഎച്ച്എഐ ജില്ലാ ഭരണകൂടത്തെ അറിയിച്ചത്.
അതേസമയം ദേശീയപാതയുടെ അടിസ്ഥാന നിര്‍മാണത്തിലും മണ്ണ് പരിശോധനയിലും വീഴ്ച സംഭവിച്ചെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ നിര്‍മാണ കമ്പനിയായ ശിവാലയ കണ്‍സ്ട്രക്ഷന്‍സിനും സ്വതന്ത്ര എഞ്ചിനീയറിംഗ് കണ്‍സൽടൻസിനും കേന്ദ്രം വിലക്ക് ഏർപ്പെടുത്തിയിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ദേശീയപാത ഇടിഞ്ഞുവീണത്. കുട്ടികളുമായി വന്ന സ്കൂൾ ബസടക്കമുള്ള വാഹനങ്ങൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
















