പാലക്കാട് തൃത്താല തിരുമിറ്റക്കോട് നിന്നും ഇന്നലെ വൈകുന്നേരം തട്ടിക്കൊണ്ടു പോയ വ്യവസായിയെ കണ്ടെത്തി. കോതകുറിശ്ശിയിൽ നിന്നാണ് പൊലീസ് മുഹമ്മദാലി കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയ ശേഷം മുഹമ്മദാലിയെ കോതകുറിശി ഭാഗത്ത് വീട്ടിൽ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. അക്രമികൾ ഉറങ്ങിയ സമയം വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിക്കുകയായിരുന്നു.
തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിനു സമീപം ശനി വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. കൂറ്റനാട് ഭാഗത്തുനിന്നും ആറങ്ങോട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന മുഹമ്മദലിയെ പിന്തുടർന്നു വന്ന സംഘം തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് സംഘത്തിന്റെ ഇന്നോവ കാറിൽ കയറ്റി കടന്നുകളഞ്ഞു.
ബിസിനസ് രംഗത്തെ വൈരാഗ്യമാണ് കാരണമെന്ന് വ്യവസായി പറഞ്ഞു. മലപ്പുറം വണ്ടൂർ സ്വദേശിയാണ് പ്രവാസി വ്യവസായി വിപി മുഹമ്മദലി. ശരീരമാസകലം മർദനമേറ്റ പാടുകളുണ്ടെന്നാണ് റിപ്പോർട്ട്.
മുഹമ്മദാലിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോക്ക് ചൂണ്ടിയായിരുന്നു തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
















