രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നടിയെ ആക്രമിച്ച കേസിൽ ഇന്ന് വിധി. മലയാള സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ കേസിൽ രാവിലെ 11ന് എറണാകുളം പ്രിൻസിപ്പൾ സെക്ഷൻസ് കോടതിയാണ് വിധി പറയുന്നത്. എട്ട് വർഷം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേസിൽ ഇന്ന് പുറപ്പെടുവിക്കുന്നത്. 12 മണിക്കു മുൻപു നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിധി പറയുമെന്നാണു കരുതുന്നത്.
എൻ.എസ്.സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം (വടിവാൾ സലീം), പ്രദീപ്, ചാർലി തോമസ്, പി.ഗോപാലകൃഷ്ണൻ (ദിലീപ്), സനിൽകുമാർ (മേസ്തിരി സനിൽ), ജി.ശരത്ത് എന്നിവരാണ് 1 മുതൽ 10 വരെ പ്രതികൾ. വിധി പറയുമ്പേൾ പ്രതികളും കോടതിയിൽ ഹാജാരാകേണ്ടതുണ്ട്.
കഴിഞ്ഞയാഴ്ച അവസാന രണ്ടു പ്രവൃത്തി ദിവസങ്ങളിൽ അവധിയെടുത്താണു പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം.വർഗീസ് കേസിന്റെ വിധി പറയാനുള്ള അവസാന തയാറെടുപ്പുകൾ നടത്തിയത്.
കോവിഡ് ലോക്ഡൗണിനു പുറമേ, പ്രതികളിലൊരാളായ നടൻ ദിലീപും പ്രോസിക്യൂഷനും അതിജീവിതയും പലതവണ മേൽക്കോടതികളിൽ നൽകിയ ഉപഹർജികളും അപ്പീലും വിചാരണ നീണ്ടുപോകാൻ കാരണമായി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മാസങ്ങളോളം വിചാരണ നിർത്തിവച്ചാണു തുടരന്വേഷണം നടത്തിയത്.
ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവു നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 2017 ഫെബ്രുവരി 17ന് കൊച്ചിയിൽ വാഹനത്തിൽ നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചു എന്നാണു കേസ്.
പ്രമുഖ നടീനടന്മാരും സംവിധായകരും ഉൾപ്പെടെ 261 സാക്ഷികളെ വിസ്തരിക്കാൻ മാത്രം 438 ദിവസം വേണ്ടിവന്നു. ഇതിൽ സിനിമക്കാരും നടൻ ദിലീപിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 28 പേർ മൊഴിമാറ്റി.
മൊഴികളിൽ വ്യക്തത വരുത്താനുള്ള തുടർവാദങ്ങൾക്കും നടപടിക്രമങ്ങൾക്കും വേണ്ടി 294 ദിവസം കൂടി കോടതിക്കു വേണ്ടിവന്നു. ഫൊറൻസിക് റിപ്പോർട്ടുകൾ അടക്കം പ്രോസിക്യൂഷൻ ഹാജരാക്കിയ 833 രേഖകളും സൂക്ഷ്മമായി പരിശോധിച്ചാണു പ്രതിഭാഗത്തിന്റെ വാദങ്ങളും രേഖപ്പെടുത്തിയത്.
















