യുവതാരം ദുൽഖർ സൽമാൻ നായകനായ ഏറ്റവും പുതിയ ചിത്രം ‘കാന്ത’ ഉടൻ ഒ.ടി.ടി. റിലീസിനൊരുങ്ങുന്നു. സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ഈ ചിത്രം ഡിസംബർ 12 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. ദുൽഖർ സൽമാനെ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ലിക്സിലെത്തുന്നത്. തിയേറ്റർ റിലീസിന് ശേഷം തമിഴ്, തെലുങ്ക് സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചാ വിഷയമായിരുന്നു ‘കാന്ത’. “രണ്ട് കലാകാരന്മാർ. ഒരു പിണക്കം. അവർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു പാഠം” എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്.
1950-കളിലെ മദ്രാസിലെ സൂപ്പർസ്റ്റാറായിരുന്ന ടി.കെ. മഹാദേവന്റെ കഥയാണ് ‘കാന്ത’ പറയുന്നത്. സ്പിരിറ്റ് മീഡിയ, വേഫെറർ ഫിലിംസ് എന്നീ ബാനറുകളിൽ റാണ ദഗ്ഗുബതിയും ദുൽഖർ സൽമാനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 2022-ൽ പുറത്തിറങ്ങിയ ‘ഹേ സിനാമിക’യ്ക്ക് ശേഷം തമിഴ് സിനിമയിലേക്കുള്ള ദുൽഖറിന്റെ ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.
തമിഴ് സിനിമയിലെ ആദ്യത്തെ സൂപ്പർസ്റ്റാറായി പരക്കെ കണക്കാക്കപ്പെട്ടിരുന്ന പഴയകാല നടൻ എം.കെ. ത്യാഗരാജ ഭാഗവതരുടെ ഉദയവും പതനവുമാണ് ചിത്രത്തിന് പ്രചോദനമായത്. എന്നാൽ, ത്യാഗരാജ ഭാഗവതരെ മോശമായി ചിത്രീകരിച്ചു എന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ചെറുമകൻ ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് വലിയ വാർത്തയായിരുന്നു.
ത്യാഗരാജ ഭാഗവതരെ മോശം സ്വഭാവമുള്ള വ്യക്തിയായും, ജീവിതത്തിന്റെ അവസാന നാളുകളിൽ ദാരിദ്ര്യത്തിൽ കഴിഞ്ഞ വ്യക്തിയായും ചിത്രീകരിച്ചിട്ടുണ്ട് എന്നും, ഇത് അദ്ദേഹത്തിന്റെ യശസ്സിന് കോട്ടം വരുത്തും എന്നും ഹരജിക്കാരൻ ആരോപിക്കുന്നു. എന്നാൽ, ‘കാന്ത’ പൂർണ്ണമായും സാങ്കൽപ്പിക കഥയാണെന്നും യഥാർത്ഥ ജീവിതത്തിലെ ഒരു വ്യക്തിയെയും അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ദുൽഖർ സൽമാൻ മുൻപ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
















