ഗുജറാത്തിൽ വൻ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിക്കൊണ്ട്, സംസ്ഥാനത്ത് നിലനിൽക്കുന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഒഴുക്കിന് പിന്നിൽ പ്രവർത്തിക്കുന്ന ഉന്നതരെ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവും വഡ്ഗാം എം.എൽ.എയുമായ ജിഗ്നേഷ് മേവാനി രംഗത്ത്. ‘ദി ടെലിഗ്രാഫ്’ ഓൺലൈന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം സംസ്ഥാന സർക്കാരിനെതിരായ ഈ പരസ്യമായ രഹസ്യം ഉറക്കെ തുറന്നടിച്ചത്.
ഗുജറാത്തിലെ മദ്യ, മയക്കുമരുന്ന് വ്യാപാരത്തിന് പിന്നിൽ സംസ്ഥാനത്തെ മന്ത്രിമാരും നൂറിലധികം വരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥരും ചേർന്ന് പ്രവർത്തിക്കുന്ന ഒരു വൻ ലഹരി റാക്കറ്റാണെന്നാണ് മേവാനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഈ ഉദ്യോഗസ്ഥർ ഭരണസംവിധാനത്തിന്റെ ഒത്താശയോടെ മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ മദ്യം കടത്തിക്കൊണ്ടുവന്ന് വൻതോതിൽ പണം സമ്പാദിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നിയമവാഴ്ചയെയും ഭരണഘടനയെയും നഗ്നമായി അവഗണിച്ചുകൊണ്ടാണ് മിക്ക ജില്ലാ പോലീസ് സൂപ്രണ്ടുമാരും ഡെപ്യൂട്ടി എസ്.പിമാരും ഇൻസ്പെക്ടർമാരും അടക്കമുള്ള ഉദ്യോഗസ്ഥർ ഈ കള്ളപ്പണ റാക്കറ്റിന് കൂട്ടുനിൽക്കുന്നത്. ഇവർ സമ്പാദിക്കുന്ന പണം ഹവാലാ റാക്കറ്റിന്റെ ഭാഗമായി മാറി റിയൽ എസ്റ്റേറ്റ്, മറ്റ് ബിസിനസ് സംരംഭങ്ങൾ എന്നിവിടങ്ങളിൽ നിക്ഷേപിക്കപ്പെടുന്നു. പൊലീസുകാർ പരസ്യമായി നിയമലംഘകരായി മാറുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി ഹർഷ് സംഘവി ഉടൻ രാജി വെക്കണമെന്നും മേവാനി ആവശ്യപ്പെട്ടു.
ഒരാഴ്ച മുൻപ് വടക്കൻ ഗുജറാത്തിൽ നടന്ന സംസ്ഥാന കോൺഗ്രസിന്റെ ‘ജൻ ആക്രോശ് യാത്ര’ക്കിടെയുണ്ടായ ഒരു സംഭവമാണ് ഈ തുറന്നുപറച്ചിലിന് പിന്നിലെ പ്രധാന കാരണം. ലഹരി വ്യാപനത്തിനെതിരെ ഒരു സ്ത്രീ നൽകിയ പരാതിയിൽ നടപടിയെടുക്കാതെ നിഷ്ക്രിയത്വം കാണിച്ചതിന് ദളിത് നേതാവായ മേവാനി സൂപ്രണ്ടിന്റെ ഓഫീസിലെ പോലീസുകാരെ പരസ്യമായി ശാസിച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ ഈ സംഭവം, മേവാനിയും ആഭ്യന്തര വകുപ്പ് ചുമതലയുള്ള ഹർഷ് സംഘവിയും പോലീസ് ഡയറക്ടർ ജനറലും തമ്മിൽ കടുത്ത വാക്പോരിന് വഴിയൊരുക്കി. ഇതിനുശേഷം അനുകൂലിച്ചും പ്രതികൂലിച്ചും റാലികൾ നടന്നുവരുന്നു.
മേവാനിയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് ഭരണകക്ഷിയായ ബി.ജെ.പി തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാൽ, തന്റെ രോഷത്തിനും ഉപമുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിനും പിന്നിലെ കൃത്യമായ കാരണങ്ങൾ മേവാനി ‘ദി ടെലിഗ്രാഫി’നുള്ള പ്രത്യേക അഭിമുഖത്തിൽ വിശദീകരിക്കുകയായിരുന്നു.
















