നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വിചാരണക്കോടതി തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ സാമൂഹിക നിരീക്ഷകൻ രാഹുൽ ഈശ്വറിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ശ്രദ്ധേയമായ പ്രതികരണം. രാഹുൽ ഈശ്വർ നിലവിൽ ജയിലിലായതിനാൽ, അദ്ദേഹത്തിനു വേണ്ടി ഭാര്യ ദീപയാണ് ഈ പോസ്റ്റ് പങ്കുവെച്ചത്.
‘സത്യമേവ ജയതേ’ എന്ന ഒറ്റ വാചകത്തോടെ, ദിലീപും രാഹുൽ ഈശ്വറും ഒരുമിച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ഈ പ്രതികരണമെന്നതും ശ്രദ്ധേയമായി.
കേസിൽ വിധി പറയുമ്പോൾ എട്ടാം പ്രതിയായ ദിലീപിന് വേണ്ടി ചാനൽ ചർച്ചകളിൽ താൻ പ്രതികരിക്കുമെന്ന് രാഹുൽ ഈശ്വർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോടതി വിധി വന്നപ്പോൾ രാഹുലിന് ഇതിന് സാധിക്കാതെ വന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിലെ പരാതിക്കാരിയെ സമൂഹ മാധ്യമത്തിൽ അപമാനിച്ച കേസിൽ നിലവിൽ ജയിലിൽ കഴിയുന്നതാണ് രാഹുലിന് ഈ അവസരം നഷ്ടപ്പെടുത്തിയത്.
















