കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ വെറുതെ വിട്ട ശേഷം മഞ്ജുവാര്യരുടെ ’ക്രിമിനല്‍ ഗൂഢാലോചന’ പരാമർശം എടുത്തു പറഞ്ഞ് നടൻ ദിലീപ്. കേസിൽ തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടത്തി എന്നും എല്ലാം തുടങ്ങിയത് ‘അമ്മ’യുടെ യോഗത്തിൽ മഞ്ജു വാര്യർ നടത്തിയ പ്രസംഗത്തിനു ശേഷമാണെന്നും വെറുതെ വിട്ട ശേഷം ദിലീപ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അന്നത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥയും അവരുടെ സംഘവും ചേർന്നാണ് തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടത്തിയത്. തന്റെ കരിയർ നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും ദിലീപ് പറഞ്ഞു. കേസിൽ ഒപ്പം നിന്നവർക്കു നന്ദി പറയുന്നുവെന്നും ദിലീപ് കൂട്ടിച്ചേർത്തു.
തനിക്കെതിരെ ഗൂഢാലോചന നടത്താൻ മുഖ്യപ്രതിയെയും കൂട്ടുപ്രതികളെയും കൂട്ടുപിടിച്ചു. ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥ മെനഞ്ഞു. ആ കഥ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. എന്നാൽ പൊലീസിന്റെ കള്ളക്കഥ പൊളിഞ്ഞെന്നും ദിലീപ് പറഞ്ഞു. ഈ കേസിൽ യഥാർഥ ഗൂഢാലോചന എന്നത് എന്നെ പ്രതിയാക്കാനായിരുന്നു. എന്റെ കരിയറും ജീവിതവും നശിപ്പിക്കാനാണ് അവർ അങ്ങനെ ചെയ്തത്. പ്രതിസന്ധി ഘട്ടത്തിൽ കൂടെനിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നന്ദി പറയുന്നു. വക്കീലായ രാമൻപിള്ളയോട് പ്രത്യേക നന്ദിയെന്നും ദിലീപ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമായിരുന്നു മഞ്ജുവാര്യർ നടത്തിയ പ്രസംഗത്തിന്റെ കാതൽ. ഏതൊരു പെൺകുട്ടിക്കും ഇത്തരമൊരു സാഹചര്യമുണ്ടാകരുതെന്നും താനടക്കമുള്ള നടിമാരെ അർധരാത്രിയിൽ പോലും സുരക്ഷിതമായി വീട്ടിലെത്തിച്ച ഡ്രൈവർമാരുണ്ടെന്നും അതുകൊണ്ട് എല്ലാവരെയും കുറ്റപ്പെടുത്തുന്നില്ലെന്നും മഞ്ജു പറഞ്ഞു. ഈ സംഭവത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്നും പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും എല്ലാ പിന്തുണ നൽകുക മാത്രമാണ് നമ്മൾ ചെയ്യേണ്ടതെന്നും മഞ്ജു പറഞ്ഞു. വീടിനകത്തും പുറത്തും പുരുഷന് സ്ത്രീ നൽകുന്ന എല്ലാ ബഹുമാനവും അതേ അളവിൽ തിരിച്ചുലഭിക്കാൻ സ്ത്രീകൾക്ക് അർഹതയുണ്ടെന്നും മഞ്ജു പറഞ്ഞു.
















