ഹൈദരാബാദ്: ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യത്യസ്ത നഗരങ്ങളിൽ നിന്നുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ ഉൾപ്പെടെ മൂന്ന് വിമാനങ്ങൾക്ക് ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചു. ഹീത്രോയിൽ നിന്നുള്ള ബ്രിട്ടീഷ് എയർവേയ്‌സിന്റെ (BA 277), ഫ്രാങ്ക്ഫർട്ടിൽ നിന്നുള്ള ലുഫ്താൻസയുടെ (LH 752), കണ്ണൂരിൽ നിന്നുള്ള ഇൻഡിഗോയുടെ 6E 7178 എന്നിവ ലക്ഷ്യമിട്ടാണ് വിമാനത്താവളത്തിന് ഇമെയിലുകൾ ലഭിച്ചത്.
സുരക്ഷാ പരിശോധനകൾക്ക് ശേഷം ഭീഷണി വ്യാജമാണെന്ന് പ്രഖ്യാപിച്ചതായി തിങ്കളാഴ്ച (ഡിസംബർ 8, 2025) പോലീസ് പറഞ്ഞു. ഇ-മെയിലുകൾ സന്ദേശം ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച രാത്രി അധികൃതർ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. ഭീഷണി സന്ദേശം ലഭിച്ചെങ്കിലും എല്ലാ വിമാനങ്ങളും തടസ്സങ്ങളില്ലാതെ യാത്രാ പൂർത്തിയാക്കി സുരക്ഷിതമായി ലാൻഡ് ചെയ്തു. അന്താരാഷ്ട്ര വിമാനങ്ങൾ തിങ്കളാഴ്ച പുലർച്ചെയും ആഭ്യന്തര വിമാന സമയക്രമമനുസരിച്ചും ഇറങ്ങി.
മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വിമാനത്താവള അധികൃതർ അടിയന്തര പ്രതികരണ നടപടിക്രമങ്ങൾ നടത്തിയിരുന്നു. വിമാനങ്ങളെ ഐസൊലേറ്റഡ് ബേകളിലേക്ക് മാറ്റുക, യാത്രക്കാരെയും ലഗേജുകളും വിശദമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുക, ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റുകളെ വിന്യസിക്കുക, വിമാനവും പരിസരവും പരിശോധിക്കാൻ ഡോഗ് സ്ക്വാഡുകളെ നിയോഗിക്കുക തുടങ്ങിയ പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു.
പ്രോട്ടോക്കോൾ അനുസരിച്ച് ഓരോ വിമാനത്തിലും നിർബന്ധിത സുരക്ഷാ ഡ്രിൽ പൂർത്തിയാക്കിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
















